ശാസ്ത്രജ്ഞര്‍ മുതല്‍ ആദിവാസികള്‍ വരെ; കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 227 പരിസ്ഥിതി പ്രവര്‍ത്തകര്‍

ശാസ്ത്രജ്ഞര്‍ മുതല്‍ ആദിവാസികള്‍ വരെ; കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 227 പരിസ്ഥിതി പ്രവര്‍ത്തകര്‍

ലണ്ടന്‍: മനുഷ്യരുടെ പ്രവൃത്തികള്‍ മൂലം ഭൂമിയില്‍ ജീവജാലങ്ങള്‍ വംശനാശ ഭീഷണി നേരിടുമ്പോള്‍ ഭൂമിയുടെ സംരക്ഷകര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. ലോകം കോവിഡ് മഹാമാരിയിലൂടെ കടന്നു പോകുമ്പോള്‍ പോലും വനം കൊള്ളയും നശീകരണവും നിര്‍ബാധം തുടര്‍ന്നതായും ഈ കാലയളവില്‍ കൊല്ലപ്പെട്ട പരിസ്ഥിതി സംരക്ഷകരുടെ എണ്ണം ഏറ്റവും ഉയരത്തില്‍ എത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആഗോളതലത്തില്‍ത്തന്നെ പരിസ്ഥിതിക്കും ഭൂമിക്കും വേണ്ടി കൊല്ലപ്പെട്ടവരെക്കുറിച്ച് ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കാടും മണ്ണും വെള്ളവും സംരക്ഷിക്കാന്‍ വേണ്ടി, ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനായി പോരാടിയ 227 പരിസ്ഥിതി പ്രവര്‍ത്തകരാണ് 2020 ല്‍ കൊല്ലപ്പെട്ടത്. ശാസ്ത്രജ്ഞര്‍ മുതല്‍ ആദിവാസികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സന്നദ്ധസംഘടനയായ ഗ്ലോബല്‍ വിറ്റ്നസ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ആഗോളതലത്തില്‍ പ്രകൃതി വിഭവചൂഷണം, ദാരിദ്ര്യം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനത്തിലാണ് ഈ സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ആശങ്കപ്പെടുത്തുന്നതും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നതുമായ ഒരു റിപ്പോര്‍ട്ടാണ് സംഘടന പുറത്തുവിട്ടത്.

വടക്കേ അമേരിക്ക, യൂറോപ്പ്, ഓഷ്യാനിയ എന്നിവയ്ക്ക് പുറത്താണ് ഈ കൊലപാതകങ്ങള്‍ നടന്നത്. കാലാവസ്ഥാ വ്യതിയാനം പോലെ, ദരിദ്ര രാജ്യങ്ങളെയാണ് പരിസ്ഥിതി സംബന്ധമായ സംഘര്‍ഷങ്ങളും ബാധിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ലോകജനസംഖ്യയുടെ അഞ്ചു ശതമാനം മാത്രമുള്ള തദ്ദേശീയ സമൂഹങ്ങളാണ് കൊലപാതകങ്ങളില്‍ മൂന്നിലൊന്നിനും ഇരയായിട്ടുള്ളത്.

227 എന്ന സംഖ്യ ഇതുവരെ വന്നിട്ടുള്ള ഇത്തരം കൊലപാതക കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ്. ശരാശരിക്കണക്ക് എടുത്താല്‍ ഓരോ ആഴ്ചയിലും നാലിലധികം പരിസ്ഥിതിപ്രവര്‍ത്തകര്‍ ആഗോളതലത്തില്‍ കൊല്ലപ്പെടുന്നു.

വനമേഖലയിലെ ആദിവാസികള്‍, തീരദേശവാസികള്‍, സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങി ദുര്‍ബല വിഭാഗമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷഫലം അനുഭവിക്കുന്നത്. വനം കൊള്ളക്കാരുടെ കൈയ്യാല്‍ കൊല്ലപ്പെടുന്നതു കൂടാതെ വരള്‍ച്ച, വെള്ളപ്പൊക്കം, അതിവര്‍ഷം, ചുഴലിക്കാറ്റുകള്‍ എന്നിവ മൂലവും പരിസ്ഥിതിയുടെ കാവല്‍ക്കാരുടെ ജീവന്‍ അപകടത്തിലാകുന്നു.

കൊല്ലപ്പെട്ടവരുടെ കണക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി ഉയര്‍ന്നുനില്‍ക്കുകയാണ്. ഇതു പക്ഷേ യഥാര്‍ഥ കണക്കല്ല. കാരണം ഓരോ രാജ്യങ്ങളിലെയും ഭരണകൂടം അനുവദിക്കുന്ന സുതാര്യത, പത്രസ്വാതന്ത്ര്യം, പൗരാവകാശങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് ഈ കണക്കുകള്‍ ലഭ്യമാകുന്നത്. വിവിധ വാര്‍ത്താസ്രോതസുകളില്‍നിന്ന് ശേഖരിച്ച വാര്‍ത്തകള്‍ ഗ്ലോബല്‍ വിറ്റ്‌നസ്സ് തങ്ങളുടേതായ രീതിയില്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കൊലപാതകങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ വളരെ കൂടുതലായിരിക്കുമെന്ന് സംഘടന പറയുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യവും നിബിഡമായ വനങ്ങളുമുള്ള തെക്കന്‍, മധ്യ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോര വീഴുന്നത്. പ്രത്യേകിച്ച് ഖനനം, വനമേഖലയിലെ മരംവെട്ട്, കൃഷിക്കു വേണ്ടിയുള്ള വനനശീകരണം എന്നിവയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ ഇവിടെ ദാരുണമായി മരിച്ചുവീഴുന്നു.

കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ കൊളംബിയയില്‍

കൊളംബിയയാണ് മരണങ്ങളുടെ കാര്യത്തില്‍ മുന്നില്‍. 65 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഒരു ക്രിമിനല്‍ സംഘത്താല്‍ കൊല്ലപ്പെട്ടവരില്‍ ജീവശാസ്ത്രജ്ഞനായ ഗോണ്‍സാലോ കാര്‍ഡോണയും ഉള്‍പ്പെടുന്നു. മഞ്ഞ ചെവികളുള്ള തത്തയെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന് പ്രശസ്തി നല്‍കിയത്. വനപാലകനായ യാമിദ് അലോന്‍സോ സില്‍വയും കൊല്ലപ്പെട്ടവരില്‍ ഒരാളാണ്. ഫ്രാന്‍സിസ്‌കോ വെറ എന്ന 12 വയസുള്ള ബാലന്‍ പോലും തന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അജ്ഞാതരായ നിരവധി പേരില്‍നിന്ന് വധഭീഷണികള്‍ ട്വിറ്ററിലൂടെ ലഭിക്കുന്നുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതില്‍ രണ്ടാം സ്ഥാനം മെക്‌സിക്കോയ്ക്കാണ്. 30 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇക്കൂട്ടത്തില്‍ തദ്ദേശവാസിയായ ഓസ്‌കാര്‍ ഐറാഡ് ആഡംസ് എന്നയാളുമുണ്ട്.


പരിസ്ഥിതി ശാസ്ത്രജ്ഞനായ ഗോണ്‍സാലോ കാര്‍ഡോണ മഞ്ഞ ചെവികളുള്ള തത്തയുമായി (ഫയല്‍ ചിത്രം)

ജലസ്രോതസുകള്‍ സമ്പന്ന വിഭാഗത്തിന്റെ മേഖലകളിലേക്കും ഒരു ഫാക്ടറിയിലേക്കും വഴിതിരിച്ചുവിട്ട് തന്റെ വിളകള്‍ നശിച്ചപ്പോള്‍ അദ്ദേഹം പ്രതിഷേധമുയര്‍ത്തി. അതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24 ന് കൊലയാളികള്‍ അദ്ദേഹത്തെ വെടിവെച്ചു കൊന്നു.

29 കൊലപാതകങ്ങളുമായി ഫിലിപ്പീന്‍സ് മൂന്നാമതും ഏഷ്യയില്‍ ഒന്നാമതുമായി നില്‍ക്കുന്നു. ഡിസംബര്‍ 30-ന് ഒരു വന്‍ ഡാം നിര്‍മാണ പദ്ധതിയെ പ്രതിരോധിച്ചതിന്റെ പേരില്‍ ഒന്‍പതു തദ്ദേശവാസികളെ സൈന്യവും പോലീസും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഭവം.

ബ്രസീലില്‍ 20 കൊലപാതകങ്ങള്‍ സംഭവിച്ചു. നിക്കരാഗ്വയില്‍ 12 കൊലപാതകങ്ങള്‍. വനനശീകരണം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് നിക്കരാഗ്വ. മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം കൊലപാതകങ്ങളാണ് ഇവിടെ നടന്നത്. സൗദി അറേബ്യയില്‍ നടന്ന ഒരു കേസും റിപ്പോര്‍ട്ടിലുണ്ട്. ഹുവൈത്തി ഗോത്രത്തിലെ അബ്ദുല്‍ റഹിം അല്‍-ഹുവൈത്തി എന്നയാള്‍ സൗദി അറേബ്യയുടെ സ്വപ്‌ന നഗര പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കുന്നതിനെതിരേ ചെറുത്തപ്പോള്‍ കൊല്ലപ്പെട്ടു.


പരിസ്ഥിതിക്കു വേണ്ടിയുള്ള പ്രചാരണങ്ങളുടെ പേരില്‍ വധഭീഷണി നേരിടുന്ന കൊളംബിയയിലെ 12 വയസുകാരന്‍ ഫ്രാന്‍സിസ്‌കോ വെറ

ആഗോളതലത്തില്‍ ഇത്തരം ഡാറ്റ ശേഖരിക്കുക ഒട്ടും എളുപ്പമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ കൊലപാതകത്തിന്റെയും സാഹചര്യങ്ങള്‍ അന്വേഷിക്കുന്നതിലും സംഘടനയ്ക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. രേഖപ്പെടുത്തിയ കൊലപാതകങ്ങളില്‍ 30 ശതമാനമെങ്കിലും വിഭവ ചൂഷണം, മരംവെട്ട്, ഖനനം, അണക്കെട്ട് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ടാണെന്ന് കണ്ടെത്തി. എന്നാല്‍ നൂറിലധികം കേസുകളില്‍, കാരണം പോലും കണ്ടെത്താനായില്ല.

പ്രകൃതി വിഭവങ്ങളുടെ ചൂഷണത്തിന് വികസിത രാജ്യങ്ങളിലെ ഭരണകൂടങ്ങളെയും മൂലധന ശക്തികളെയുമാണ് മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനായ ബില്‍ മക്കിബ്ബെന്‍ കുറ്റപ്പെടുത്തുന്നത്. കോര്‍പറേറ്റുകള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുകയും അവര്‍ നടപടിയെടുക്കുകയും വേണമെന്ന് അദ്ദേഹം റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ എഴുതി. കോര്‍പറേറ്റുകള്‍ ഉത്പാദിപ്പിക്കുന്ന സമ്പത്തില്‍ ഒരിക്കലും തദ്ദേശീയരായ ആളുകള്‍ പങ്കുചേരുന്നില്ല. കൊളോണിയലിസം ഇപ്പോഴും ശക്തമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ഈ കൊലപാതകങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.