ഫറോ ദ്വീപുകളില്‍ 1428 ഡോള്‍ഫിനുകളെ കൊന്നു; ഡെന്മാര്‍ക്കിനെതിരെ വന്‍ പ്രതിഷേധം

 ഫറോ ദ്വീപുകളില്‍ 1428 ഡോള്‍ഫിനുകളെ കൊന്നു; ഡെന്മാര്‍ക്കിനെതിരെ വന്‍ പ്രതിഷേധം


കോപ്പന്‍ഹേഗന്‍ : ഒറ്റ ദിവസം കൊണ്ട് ഏകദേശം 1428 ഡോള്‍ഫിനുകളെ കൊന്നൊടുക്കിയ ഡെന്മാര്‍ക്കിനെതിരെ പരിസ്ഥിതി സ്‌നേഹികളുടെ പ്രതിഷേധം വ്യാപകം. സ്വയംഭരണാധികാരമുള്ള ഡാനിഷ് പ്രദേശമായ ഫറോ ദ്വീപുകളില്‍ നടന്നത് വടക്കന്‍ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ വേട്ടയാടലാണെന്നാണ് ആരോപണം.ഇത്രയേറെ ജലജീവികളെ കൊന്നൊടുക്കുന്നത് ഇതാദ്യമായാണെന്ന് പ്രാദേശിക ടെലിവിഷന്‍ ജേണലിസ്റ്റ് ഹല്ലൂര്‍ അവ റാണ പറഞ്ഞു.വാര്‍ഷിക തിമിംഗല വേട്ടയുടെ ഭാഗമായിരുന്നത്രേ ഇത്.

കൊന്നൊടുക്കിയത് ഡോള്‍ഫിനുകളെയല്ല, ഉപദ്രവകാരികളായ തിമിംഗലങ്ങളെയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സാധാരണയായി വേട്ടക്കാര്‍ തിമിംഗലങ്ങളെ മത്സ്യബന്ധന ബോട്ടുകളാല്‍ ചുറ്റിപ്പിടിച്ച് കടല്‍ത്തീരത്തേക്ക് കൊണ്ടുപോകുന്നതും കശാപ്പ് ചെയ്യുന്നതുമായ രീതി ഡെന്മാര്‍ക്കിലുണ്ട.് 'ഗ്രന്‍ദദേര്‍' എന്ന ഈ പ്രക്രിയ വഴി ഇവയെ കൊല്ലാന്‍ ഏറെ സമയമെടുക്കാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇവയെ കശാപ്പ് ചെയ്തത് വളരെ വേഗത്തിലാണെന്നു റാണ പറഞ്ഞു.

കടല്‍ത്തീരത്ത് ആയിരത്തിലധികം ഡോള്‍ഫിനുകള്‍ രക്തം പുരണ്ട് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രതിഷേധത്തിനിടയാക്കി. നോര്‍ത്ത് അറ്റ്‌ലാന്റിക് ദ്വീപുകളിലെ ജനസംഖ്യ ഏകദേശം 50,000 വരും. ജനസംഖ്യയില്‍ 53 ശതമാനവും ഇത്തരത്തില്‍ ജീവികളെ കശാപ്പ് ചെയ്യുന്നതിനെ എതിര്‍ക്കുന്നവരാണ്.


അതേസമയം, കഴിഞ്ഞ വര്‍ഷം കൊറോണക്കാലത്തും തിമിംഗല വേട്ട പ്രാകൃതമായ രീതിയില്‍ അരങ്ങേറി. ജീവജാലങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത നിലയ്ക്കുന്നില്ലെന്നതിന് ഉദാഹരണമായി ഇക്കാര്യം ചൂണ്ടിക്കാട്ടി ഡെന്‍മാര്‍ക്കിനു നേരെ ആരോപണവും രൂക്ഷമായിരുന്നു.ക്രൂരമായ രിതീയില്‍ തിമിംഗലങ്ങളെ വെട്ടിയും കുത്തിയും കൊല്ലുന്നതിനെ പൈശാചികവും പ്രാകൃതവുമെന്നാണ് പരിസ്ഥിതി-മൃഗസംരക്ഷണ സംഘടനകളും വ്യക്തികളും വിശേഷിപ്പിച്ചത്. ആകെ 252 തിമിംഗലങ്ങളേയും 35 വെള്ള ഡോള്‍ഫിനുകളേയുമാണ് തീരത്തിട്ട് പ്രദേശവാസികള്‍ കഴിഞ്ഞ വര്‍ഷം കൊന്നൊടുക്കിയത്.

വാര്‍ഷിക ആഘോഷം എന്ന നിലയില്‍ തിമിംഗലങ്ങളേയും ഡോള്‍ഫിനുകളേയും തീരത്തേയ്ക്ക് അടുപ്പിച്ച ശേഷമാണ് ആളുകള്‍ കൂട്ടമായിറങ്ങി വീര്യം പ്രദര്‍ശിപ്പിക്കുന്നത്. രക്തം കലര്‍ന്ന് കടലും പ്രദേശവും ചുവന്ന നിറമായ ശേഷമാണ് പ്രാകൃതാചാരം നിര്‍ത്തുക. തിമിംഗിലങ്ങളുടേയും ഡോള്‍ഫിനുകളുടേയും മാംസവും നെയ്യും ദ്വീപുനിവാസികള്‍ മാസങ്ങളോളം ഉപയോഗിക്കും. ഒരു വര്‍ഷം 800 വരെ തിമിംഗലങ്ങളെ് ദ്വീപുനിവാസികള്‍ കൊന്നൊടുക്കിയിരുന്നു.അക്രമത്തിനെതിരെ പ്രധാനമന്ത്രിക്ക് ആഗോള തലത്തില്‍ ഒരു ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരണം അയച്ചത്.

കൊറോണ നിയന്ത്രണങ്ങളുണ്ടായതിനാല്‍ മത്സ്യബന്ധനം നിര്‍ത്തി വെച്ചിരിക്കേ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വേട്ട.ഈ സമയത്ത് കടലിലെ അക്രമം തടയാന്‍ നിയോഗിച്ചിരിക്കുന്ന സീ ഷെപ്പേര്‍ഡ് എന്ന കപ്പല്‍ സേനയക്ക് ഡെന്‍മാര്‍ക്കിലെ ഫറോ ദ്വീപിന്റെ പരിസരത്തേയ്ക്ക് വരാന്‍ അനുവാദമില്ല. എന്നാലും രഹസ്യമായി സന്നദ്ധപ്രവര്‍ത്തകര്‍ ദ്വീപിലെത്തിയാണ് തിമിംഗല വേട്ടയുടെ ദൃശ്യങ്ങള്‍ ലോകമാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് സന്നദ്ധ പ്രവര്‍ത്തകയായ സൂസാന്നെ ബ്ലീഥേ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.