ഡബ്ലിന്‍: ദൈവവചനം ശ്രവിച്ച് ജ്വലിക്കുന്ന ഹൃദയവുമായി യേശുവിനെ സ്വീകരിക്കണമെന്ന് സിറോ മലബാര്‍ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്. ഡബ്ലിന്‍ സിറോ മലബാര്‍ സഭയുടെ ഏയ്ഞ്ചല്‍ മീറ്റില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. വചനം കേട്ടതിനു ശേഷം വലയിറക്കിയ ശിഷ്യന്മാര്‍ക്ക് നിറയെ മത്സ്യം ലഭിച്ച ബൈബിള്‍ ഭാഗം ഉദ്ദരിച്ചായിരുന്നു ബിഷപ്പിന്റെ പ്രസംഗം.
ഡബ്ലിന്‍ സിറോ മലബാര്‍ സഭയില്‍ ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംഗമം 'ഏയ്ഞ്ചല്‍സ് മീറ്റ്' ബ്ലാക്ക്‌റോക്ക് ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍സ് ദേവാലയത്തില്‍ നടന്നു. സിറോ മലബാര്‍ അയര്‍ലന്‍ഡ് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, അയര്‍ലന്‍ഡ് കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്ട് എന്നിവരും ഡബ്ലിനിലെ 10 കുര്‍ബാന സെന്ററുകളില്‍നിന്ന് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളും മാതാപിതാക്കളും സംഗമത്തില്‍ പങ്കെടുത്തു.
ഈ വര്‍ഷം മാത്രം നൂറോളം കുട്ടികളാണ് ഡബിനില്‍ സിറോ മലബാര്‍ ക്രമത്തില്‍ ആദ്യകുര്‍ബാന സ്വീകരിച്ചത്. കുട്ടികള്‍ക്ക് പ്രത്യേക പരിശീലന പരിപാടി ഒരുക്കി കോവിഡ് നിയന്തണങ്ങള്‍ക്കുള്ളില്‍നിന്ന് ആഘോഷമായ അനുരഞ്ജന കൂദാശാ സ്വീകരണവും ആദ്യകുര്‍ബാന സ്വീകരണവും എല്ലാ കുര്‍ബാന സെന്ററുകളിലും നടത്തിയിരുന്നു.
ഏഞ്ചല്‍ മീറ്റിന് ബ്ലാക്ക്‌റോക്ക് കുര്‍ബാന സെന്റര്‍ കമ്മറ്റിയും ഡബ്ലിന്‍ സോണല്‍ കമ്മറ്റിയും കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റും നേതൃത്വം നല്‍കി.