അതിസൂക്ഷ്മ ജീവി വര്‍ഗ്ഗത്തിലെ 'ഭീമന്‍' ബാക്ടീരിയയെ കണ്ടു വിസ്മയിച്ച് ശാസ്ത്രലോകം; കടലയോളം വലിപ്പം

അതിസൂക്ഷ്മ ജീവി വര്‍ഗ്ഗത്തിലെ 'ഭീമന്‍' ബാക്ടീരിയയെ കണ്ടു വിസ്മയിച്ച് ശാസ്ത്രലോകം; കടലയോളം വലിപ്പം


വാഷിംഗ്ടണ്‍: മൈക്രോസ്‌കോപ്പ് ഉപയോഗിച്ചു മാത്രം കാണാനാവുന്ന അതിസൂക്ഷ്മ ജീവി വര്‍ഗ്ഗത്തിലെ അംഗമെന്ന പേരുദോഷം മാറ്റി നിലക്കടലയുടെ വലിപ്പം വരുന്ന ബാക്ടീരിയയെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കരീബിയന്‍ കണ്ടല്‍ക്കാടുകളില്‍ കാണപ്പെട്ട ടി. മാഗ്‌നിഫിക്ക എന്ന ബാക്ടീരിയ രണ്ട് സെന്റി മീറ്റര്‍ വരെ നീളത്തില്‍ വളരുന്നതായാണ് അന്താരാഷ്ട്ര പ്രസിദ്ധീകരണമായ 'സയന്‍സ് ' ഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

നിലക്കടലയുടെയോ ഈച്ചയുടെയോ വലുപ്പം വരുന്ന ഈ പുതിയ ബാക്ടീരിയയുടെ കണ്ടെത്തല്‍ പുതിയ അറിവുകള്‍ പകരുന്നതാണെന്നും അതിന്റെ സവിശേഷതകള്‍ തങ്ങളെ വിസ്മയിപ്പിച്ചെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.സാധാരണ സൂക്ഷ്മാണുക്കളുടേതിനേക്കാള്‍ 5000 മടങ്ങിലേറെ വലുത്. ബാക്ടീരിയയുടെ അളവ് സാധാരണയായി മൈക്രോമീറ്ററില്‍ ആണ് രേഖപ്പെടുത്തുക. 370 മുതല്‍ 890 നാനോമീറ്റര്‍ വരെ ഉള്ള പെലാഗിബാക്റ്റര്‍ യുബീക്ക് ആണ് ഇതുവരെ കണ്ടെത്തിയ ഏറ്റവും ചെറിയ ബാക്ടീരിയ.

ടി. മാഗ്‌നിഫിക്കയ്ക്ക് കോശഘടനയിലും സാധാരണ ബാക്ടീരിയകളുടേതില്‍ നിന്ന് വ്യത്യാസമുണ്ട്. സാധാരണ ബാക്ടീരിയകളുടെ ജനിതകഘടന കോശത്തിനുള്ളില്‍ സ്വതന്ത്രമായി വിന്യസിക്കപ്പെട്ടിരിക്കും. എന്നാല്‍ ഈ ബാക്ടീരിയകളുടേത് കോശങ്ങള്‍ക്കുള്ളില്‍ ഒരു പ്രത്യേക ഘടനയ്ക്കുള്ളില്‍ ശേഖരിക്കപ്പെട്ട നിലയിലാണ്. പ്രീപ്രിന്റ് ജേണലിലൂടെയാണ് ഈ കണ്ടെത്തലുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഏകകോശജീവികളായ പ്രോക്കാരിയോട്ട്, ബഹുകോശജീവികളായ യൂക്കാരിയോട്ട് എന്നിങ്ങനെയാണ് ഇവയുടെ ജനിതകഘടനയെ തിരിച്ചിരിക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ബാക്ടീരിയ രണ്ട് വിഭാഗങ്ങളുടേയും അതിര്‍വരമ്പിലാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.