മണത്തറിഞ്ഞത്‌ 200-ലധികം സ്ഫോടകവസ്തുക്കള്‍; ഉക്രെയ്‌ന്റെ യുദ്ധവീരനെ ആദരിച്ച് സെലന്‍സ്‌കി

മണത്തറിഞ്ഞത്‌ 200-ലധികം സ്ഫോടകവസ്തുക്കള്‍; ഉക്രെയ്‌ന്റെ  യുദ്ധവീരനെ ആദരിച്ച് സെലന്‍സ്‌കി

കീവ്: യുദ്ധം ആരംഭിച്ചതുമുതല്‍ 200-ലധികം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ രണ്ടര വയസുകാരന്‍ നായയെ ആദരിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ അധിനിവേശത്തിനിടെ രാജ്യത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സേവനങ്ങള്‍ പരിഗണിച്ചാണ് പാട്രോണ്‍ എന്ന നായക്കുട്ടിക്കും ഉടമയ്ക്കും പുരസ്‌കാരം നല്‍കി ആദരിച്ചത്. റഷ്യയ്‌ക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമായി മാറിയ ജാക്ക് റസ്സല്‍ ടെറിയന്‍ വിഭാഗത്തില്‍ പെട്ട നായ്ക്കുട്ടി ഉക്രെയ്ന്‍ ജനതയുടെ ഹീറോയായി മാറിക്കഴിഞ്ഞു.

ഞായറാഴ്ചയായിരുന്നു പുരസ്‌കാരദാനം. യുദ്ധത്തിന്റെ തുടക്കം മുതല്‍ 200-ലധികം സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനും അവ പൊട്ടിത്തെറിക്കുന്നത് തടയുന്നതിനും പാട്രോണ്‍ നടത്തിയ സേവനം വിലമതിക്കാനാവാത്തതാണെന്ന് സെലെന്‍സ്‌കി അഭിപ്രായപ്പെട്ടു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കൊപ്പം കീവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സെലന്‍സ്‌കി പുരസ്‌കാരം നല്‍കിയത്. സമ്മാനദാനത്തിനിടെ പാട്രോണ്‍ കുരയ്ക്കുകയും വാല്‍ ആട്ടുകയും ചെയ്തത് സദസ്സില്‍ നിന്ന് ചിരി പടര്‍ത്തി.

സിവില്‍ പ്രൊട്ടക്ഷന്‍ സര്‍വീസിലെ മേജര്‍ മൈഹൈലോ ഇലീവ് ആണ് പാട്രോണിന്റെ ഉടമ.

ബെലാറസുമായുള്ള ഉക്രെയ്ന്റെ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചെര്‍ണിഹിവ് നഗരത്തില്‍ സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമാണ് പാട്രോണിന്റെ പ്രവര്‍ത്തനം. ഇവിടെ റഷ്യ ഉപരോധിക്കുകയും ആറ് ആഴ്ചയോളം കനത്ത ഷെല്ലാക്രമണത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. നിലവില്‍ നഗരം സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ ഉക്രെയ്ന്‍ സൈന്യം യുദ്ധോപകരണങ്ങള്‍ വാരിക്കൂട്ടുന്നതും ഖനികള്‍ നിര്‍വീര്യമാക്കുന്നതും തുടരുകയാണ്.

പാട്രോണിന് ലോകമെമ്പാടും ആരാധകരുണ്ട്. എസ്.ഇ.എസിന്റെ ഫേസ്ബുക്ക് പേജിലെ പാട്രോണിന്റെ വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് കാണുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.