ഇംഗ്ലണ്ടില്‍ സമുദ്രനിരപ്പ് ഉയരുന്നു; രണ്ട് ലക്ഷം പേര്‍ വീട് ഉപേക്ഷിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

ഇംഗ്ലണ്ടില്‍ സമുദ്രനിരപ്പ് ഉയരുന്നു; രണ്ട് ലക്ഷം പേര്‍ വീട് ഉപേക്ഷിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

നോര്‍വിച്ച്: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം ഇംഗ്ലണ്ടില്‍ സമുദ്രനിരപ്പ് ഉയരുന്നതായി റിപ്പോര്‍ട്ട്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തിലേറെ തീരവാസികള്‍ വീട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നോര്‍ത്ത് സോമര്‍സെറ്റ്, സെഡ്ജ്മൂര്‍, വയര്‍, നോര്‍ത്ത് ഈസ്റ്റ് ലിങ്കണ്‍ഷയര്‍, സ്വാലെ എന്നീ മേഖലകളിലാണ് കടല്‍ കയറ്റം രൂക്ഷമായിരിക്കുന്നത്.

കടല്‍ഭിത്തിയോ മറ്റ് സംരക്ഷണ സംവിധാനങ്ങളോ ഇല്ലാത്ത മേഖലകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഈ മേഖലകളിലെ വീടുകള്‍ സംരക്ഷിക്കുക എന്നത് സാധ്യമായതൊ ലാഭകരമോ അല്ലെന്ന് ഓഷ്യന്‍സ് ആന്‍ഡ് കോസ്റ്റല്‍ മാനേജ്മെന്റ് ജേണലില്‍ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ടിന്‍ഡാല്‍ സെന്ററിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.



2050 ഓടെ ഇംഗ്ലണ്ടിന് ചുറ്റുമുള്ള സമുദ്രനിരപ്പ് ഏകദേശം 35 സെന്റീമീറ്റര്‍ ഉയരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. തീരത്ത് മണ്ണൊലിച്ചില്‍ ഉണ്ടാകുന്നതിനാല്‍ വലിയ തിരമാലകള്‍ക്കും വഴിയൊരുക്കും. പ്രത്യേകിച്ച് ശക്തമായ കാറ്റ് ഉണ്ടാകുമ്പോള്‍. തീരവാസികള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറി താമസിക്കുക എന്നത് മാത്രമാണ് നാശനഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള പ്രായോഗികമായ പോംവഴിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോള്‍ സെയേഴ്സിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. യുകെ തീരപ്രദേശത്തിന്റെ മൂന്നിലൊന്ന് ഭാഗവും കടല്‍കയറ്റ ഭീഷണിയിലാണ്. സമുദ്രതീരങ്ങള്‍ സുസ്ഥിരമായി എങ്ങനെ നിലനില്‍ത്താമെന്ന ആലോചനകള്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീരദേശ വാസികളുമായി നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലും കാലാവസ്ഥ വ്യതിയാനം സമുദ്രമേഖലകളില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലുമാണ് പഠനം നടത്തിയതെന്ന് പോള്‍ സെയേഴ്സ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.