വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് മൂന്ന് റണ്‍സ് ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് മൂന്ന് റണ്‍സ് ജയം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 7ന് 308. വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 6 ന് 305. ജയത്തോടെ 3 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ഇന്ത്യയെ വിറപ്പിച്ചശേഷമാണ് വിന്‍ഡീസ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യയ്ക്കെതിരെ ട്വന്റി 20 ശൈലിയില്‍ ആഞ്ഞടിച്ച വെസ്റ്റിന്‍ഡീസ് വിജയത്തിനടുത്തുവരെയെത്തിയിരുന്നു. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ആതിഥേയരുടെ വിജയലക്ഷ്യം. എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് വിന്‍ഡീസിനും വിജയത്തിനുമിടയില്‍ മതിലുകെട്ടി.

അവസാന ഓവറില്‍ സിറാജ് വിട്ടുനല്‍കിയത് 11 റണ്‍സ് മാത്രം. ഓപ്പണര്‍ കൈല്‍ മെയേഴ്സിന്റെ ഉജ്വല അര്‍ധ സെഞ്ചറി (75) അവര്‍ക്കു മികച്ച തുടക്കം നല്‍കി. മധ്യനിരയില്‍ ബ്രണ്ടന്‍ കിങ്ങും (54) തിളങ്ങി. അവസാന 10 ഓവറില്‍ ജയിക്കാന്‍ 90 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിന് വിജയപ്രതീക്ഷ നല്‍കിയത് റൊമാരിയോ ഷെപ്പേര്‍ഡ് (39 നോട്ടൗട്ട്), അകീല്‍ ഹുസൈന്‍ (33 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങാണ്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.