ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. ഒരാഴ്ച്ചയ്ക്കുള്ളില്‍ മൂന്നാമത്തെ ഇന്ത്യന്‍ താരം മരുന്നടിക്ക് പിടിയിലായി. വനിതകളുടെ റിലേ ടീമിലെ അംഗമാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ടത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
വനിതകളുടെ റിലേ സംഘത്തിലെ ആറുപേരില്‍ രണ്ടുപേരും ഇത്തരത്തില്‍ പുറത്തായതോടെ കോമണ്‍വെല്‍ത്ത് സംഘത്തില്‍ ഉള്‍പ്പെട്ട 100 മീറ്റര്‍ ഹര്‍ഡില്‍സ് താരം ജ്യോതി യര്‍രാജി, മലയാളി ലോങ് ജമ്പ് താരം ആന്‍സി സോജന്‍ എന്നിവര്‍ ബാക്കപ്പ് റണ്ണര്‍മാരായി ഇംടപിടിക്കാന്‍ സാധ്യതയുണ്ട്.
ഒരാഴ്ചയ്ക്കിടെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണിത്. റിലേ ടീം അംഗം കൂടിയായ ധനലക്ഷ്മി, ട്രിപ്പിള്‍ ജമ്പില്‍ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു എന്നിവരാണ് നേരത്തെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇവര്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്ക് വരാന്‍ സാധ്യതയുണ്ട്.