ദോഹ: ഹിജാബ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ലോകകപ്പ് മത്സരത്തില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം. ഇന്നലെ ഇംഗ്ലണ്ടും ഇറാനും തമ്മില്‍ നടന്ന മത്സരത്തില്‍ ദേശീയ ഗാനം ആലപിക്കുന്ന അവസരം ഇറാന്‍ താരങ്ങള്‍ പ്രതിഷേധത്തിന്റെ അരങ്ങാക്കി മാറ്റി. സ്റ്റേഡിയത്തില്‍ ഇറാനിയന്‍ ദേശീയഗാനം മുഴങ്ങിയപ്പോള്‍ ആലപിക്കാതെയാണ് അവര്‍ രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ഇറാന്‍ ഭരണകൂടത്തെ മാത്രമല്ല ലോകമാകെയുളള ജനതയുടെ ശ്രദ്ധ ആകര്‍ഷിച്ച പ്രതിഷേധമായി അത് മാറി. മത്സരം കാണാനെത്തിയ ഇറാനിയന്‍ വനിതകള്‍ നിറകണ്ണുകളോടെ താരങ്ങളുടെ ഐക്യദാര്‍ഢ്യത്തോട് പ്രതികരിച്ചു. തങ്ങളുടെ കൂട്ടായ തീരുമാനമാണ് ദേശീയ ഗാനം ആലപിക്കാത്തതെന്ന് ഇറാന്‍ നായകന്‍ അലിരേസ ജഹാന്‍ബക്ഷ് അറിയിച്ചു.
സെപ്റ്റംബറിലാണ് ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മഹ്സ അമിനി മരണമടഞ്ഞത്. മഹ്സയുടെ മരണത്തോടെ രാജ്യത്ത് സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരായ നിയമത്തിന്റെ പേരില്‍ കനത്ത പ്രക്ഷോഭമാണ് നടന്നത്. നിരവധി പേര്‍ മരണമടയുകയും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു.
സമൂഹമാധ്യമങ്ങളടക്കം നിയന്ത്രിച്ചും ഇന്റര്‍നെറ്റ് സംവിധാനങ്ങളില്‍ നിയന്ത്രണം കൊണ്ടു വന്നും ഇറാന്‍ ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതിനിടെ ഇന്നത്തെ മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് ഇറാനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തി.