ദോഹ: കളിയിലെ ആദ്യ മിനിറ്റുകളിലെ ആധിപത്യം. ഒൻപതാം മിനിറ്റിലെ അപ്രതീക്ഷിത ഗോൾ. മറ്റൊരു ചാമ്പ്യൻസ് ദുരന്തം സംഭവിക്കുമോയെന്ന് ഭയന്ന ആരാധകർക്ക് മുന്നിൽ പോരാട്ട വീര്യത്തോടെ മത്സരം തിരിച്ചു പിടിച്ച ഫ്രാൻസിന് ഓസ്ട്രേലിയക്കെതിരെ മിന്നും ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഓസ്ട്രേലിയയെ നിലംപരിശാക്കിയത്.
കരീം ബെൻസേമയും പോൾ പോഗ്ബയും എൻഗോളോ കാന്റെയും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പരിക്കേറ്റ് പുറത്തായിട്ടും തങ്ങൾ തളർന്നിട്ടില്ലെന്ന് ലോക ചാമ്പ്യന്മാർ ഫുട്ബോൾ ലോകത്തിന് തെളിയിച്ചു കൊടുത്തു.
ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിലാണ് ഓസ്ട്രേലിയയും ഫ്രാൻസും ഏട്ടുമുറ്റിയത്. ആദ്യം ഗോളടിച്ച് ഓസ്ട്രേലിയ ഞെട്ടിച്ചെങ്കിലും ഒലിവർ ജിറൂഡ് രണ്ടുതവണയും അഡ്രിയൻ റാബിയറ്റ്, കിലിയൻ എംബാപ്പെ എന്നിവർ ഓരോ തവണയും ഫ്രാൻസിനായി വലകുലുക്കി.
ഒമ്പതാം മിനിറ്റിൽ തന്നെ ക്രെയ്ഗ് ഗുഡ്‌വിൻ ഫ്രഞ്ച് വലയിൽ പന്തെത്തിച്ചപ്പോൾ ഒത്തിണക്കത്തോടെയുള്ള മുന്നേറ്റങ്ങൾക്കൊടുവിൽ 27ാം മിനിറ്റിൽ അഡ്രിയൻ റാബിയറ്റിലൂടെ ഫ്രാൻസ് തിരിച്ചടിച്ചു. ഗ്രീസ്മാൻ എടുത്ത കോര്‍ണര്‍ തിയോ ഹെര്‍ണാണ്ടസ് റാബിയോട്ടിന് മറിച്ച് നല്‍കുകയായിരുന്നു. റാബിയോട്ടിന്റെ ഹെഡര്‍ തടുക്കാൻ ഓസീസ് ഗോള്‍കീപ്പര്‍ മാത്യു റയാന്‍ കൈവെച്ചെങ്കിലും പന്ത് വലയിൽ കയറി. ഇതിന്റെ ആരവം അടങ്ങും മുമ്പ് ഒലിവർ ജിറൂഡിലൂടെ രണ്ടാം ഗോളും എത്തി. 32ാം മിനിറ്റിലായിരുന്നു ജിറൂഡിന്റെ തകർപ്പൻ ഗോൾ. ഒന്നാം പകുതി അവസാനിക്കുമ്പോൾ 2-1ന് മുന്നിലായിരുന്നു ഫ്രാൻസ്.
രണ്ടാം പകുതിയിൽ ആക്രമിച്ചു കളി തുടർന്ന ചാമ്പ്യന്മാർ 68ാം മിനിറ്റിൽ എംബാപ്പെയിലൂടെ മൂന്നാം ഗോളും നേടി. വലതുവശത്തുനിന്ന് ഡെംബലെ നൽകിയ മനോഹരമായ ക്രോസ് എംബാപ്പെ രണ്ട് ഡിഫൻഡർമാർക്കിടയിലൂടെ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. മൂന്നാം ഗോളിന്റെ ചൂടാറും മുമ്പ് അടുത്ത ഗോളുമെത്തി. 70ാം മിനിറ്റിൽ ഇടതുവശത്തുനിന്ന് എംബാപ്പെ നൽകിയ ക്രോസ് ജിറൂഡ് ഹെഡറിലൂടെ തന്നെ വലയിലെത്തിക്കുകയായിരുന്നു. ജയത്തോടെ ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാമത്തെത്തി.