ദോഹ: സൗദി അറേബ്യയോട് ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് ശേഷമുള്ള ഓരോ മത്സരവും ഞങ്ങള്‍ക്ക് ഫൈനലായിരുന്നുവെന്ന് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി. ആദ്യമത്സര ഫലം കനത്ത തിരിച്ചടിയായിരുന്നു. ആറ് മത്സരങ്ങള്‍ തോല്‍ക്കാതെയാണ് സൗദിക്കെതിരെ അര്‍ജന്റീന ഇറങ്ങിയത്. സൗദി അറേബ്യക്കെതിരെ തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മെസി പറഞ്ഞു. ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ വിജയത്തിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മെസിയുടെ പ്രതികരണം.
പിന്നീട് ഓരോ മത്സരവും ഞങ്ങള്‍ക്ക് ആസിഡ് പരീക്ഷണമായിരുന്നു. പക്ഷേ ശക്തരാണെന്ന് ഞങ്ങള്‍ തെളിയിച്ചു. മറ്റ് മത്സരങ്ങള്‍ ജയിച്ചു. വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് ഞങ്ങള്‍ ചെയ്തത്. ഓരോ മത്സരവും ഞങ്ങള്‍ക്ക് ഫൈനലായിരുന്നു. മത്സരം തോല്‍ക്കുകയാണെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന് അറിയാമായിരുന്നുവെന്നും മെസി പറഞ്ഞു.
ആറാമത്തെ ഫൈനലാണ് ഞങ്ങള്‍ കളിക്കുന്നത്. ഫൈനലിനിറങ്ങുമ്പോള്‍ ആദ്യ തോല്‍വി തങ്ങളെ കരുത്തരാക്കിയെന്നും മെസി പറഞ്ഞു. പന്ത് കൈവശം വെക്കുന്നതില്‍ ക്രൊയേഷ്യക്ക് മേധാവിത്വമുണ്ടാവുമെന്ന് അറിയാമായിരുന്നു. ഞങ്ങള്‍ക്ക് നല്ല ഒരു പരിശീലകനിരയാണുള്ളത്. ഓരോ മത്സരത്തിന് ശേഷവും കളികള്‍ അവര്‍ സൂക്ഷ്മമായി വിലയിരുത്തി. ഒരു ഘട്ടത്തിലും തങ്ങള്‍ക്ക് നിരാശയുണ്ടായിരുന്നില്ലെന്നും മെസി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ 3-0 എന്ന സ്‌കോറിനാണ് അര്‍ജന്റീന ജയിച്ച് കയറിയത്. മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസി ഗോള്‍ നേടുകയും ചെയ്തിരുന്നു.