ഖത്തർ ലോകകപ്പിന്‍റെ രണ്ടാം സെമിഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് പരാജയപ്പെട്ട് മടങ്ങുന്ന മൊറോക്കന്‍ താരങ്ങളുടെയും പരിശീലകന്‍റേയും ശരീരഭാഷ ലോകത്തോട് വിളിച്ചുപറയുന്നത് വരും കാല ലോക ഫുട്ബോള്‍ യൂറോപ്യന്മാരുടേയും ലാറ്റിനമേരിക്കന്‍ ശക്തികളുടേതും മാത്രമല്ല, തങ്ങളുടേതു കൂടിയാണ് എന്ന നിശബ്ദ പ്രഖ്യാപനമാണ്. ആദ്യമായി ലോകകപ്പ് സെമിയിലെത്തുന്ന ആഫ്രിക്കന്‍ അറബ് ടീം എന്ന ചരിത്രനേട്ടം സ്ഥാപിച്ചാണ് മൊറോക്കോ ഖത്തറില്‍ നിന്നു മടങ്ങുന്നത്. ധീരോദാത്തമാണ് മൊറോക്കോയുടെ പോരാട്ടം. അതുകൊണ്ട് തോല്‍വിയിലും മടക്കം ശിരസ്സുയർത്തിത്തന്നെ. ബെല്‍ജിയം, പോർച്ചുഗല്‍, സ്പെയിൻ തുടങ്ങിയ ഫുട്ബോളിലെ വന്‍ ശക്തി രാഷ്ട്രങ്ങളെല്ലാം മൊറോക്കോയുടെ പടയോട്ടത്തില്‍ തകർന്നുപോയി. അത് യാദൃശ്ചികമല്ലെന്നും മൊറോക്കന്‍ ഭരണകൂടം നടത്തിയ ചിട്ടയായ പ്രവർത്തനത്തിന്‍റെ ഫലമാണെന്നും നമുക്കറിയാം. അതിലേക്ക് വിശദമായി പോകേണ്ട സമയമല്ല ഇത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ തിയോ ഹെർണാണ്ടസ് നേടിയ ഗോളിലൂടെ ഫ്രാന്‍സ് മുന്നിലെത്തിയിട്ടും മൊറോക്കോ കാഴ്ചവച്ച ആക്രമണ ഫുട്ബോളിന്‍റെ ഗണിത ശാസ്ത്രം ഫ്രഞ്ചുകാരെ അക്ഷരാർത്ഥത്തില്‍ അമ്പരിപ്പിക്കുക തന്നെ ചെയ്തു. തുടക്കത്തിലെ ഗോള്‍ വഴങ്ങുന്ന ടീം മത്സരത്തിലേക്ക് തിരികെ വരാന്‍ അല്‍പസമയം എടുക്കുന്നത് നാം കാണാറുണ്ട്. എന്നാല്‍ ഗോള്‍ വഴങ്ങി മൂന്ന് മിനിറ്റിനകം കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ കനത്ത പ്രത്യാക്രമണം നടത്താന്‍ ആഫ്രിക്കന്‍ ടീമിന് കഴിഞ്ഞു. ഗോള്‍ വഴങ്ങിയത് അവരെ തെല്ലും ബാധിച്ചില്ല എന്നർത്ഥം. അവർക്ക് മറികടക്കേണ്ടത് എംബാപ്പയേയും ഗ്രീസ്മാനെയും ജെറൂദിനെയും ഡംബലെയെയും പോലെയുളള ശക്തമായ താരങ്ങളെയാണ് എന്ന വസ്തുത പോലും അവർ കണക്കിലെടുത്തില്ല.
ഖത്തറില്‍ ആദ്യമായാണ് ഒരു എതിർ ടീം കളിക്കാരന്‍ മൊറോക്കന്‍ ഗോള്‍ കീപ്പർ യാസിന്‍ ബോനുവിനെ കീഴ്‌പ്പെടുത്തുന്നത്. 79 ആം മിനിറ്റില്‍ പകരക്കാരന്‍ ഗോളോ മുവാനി നേടിയ ഗോളോടെ ഫ്രഞ്ച് ആധിപത്യം പൂർണമായി. ഒസ്മാന്‍ ഡംബലെയെ പിന്‍വലിച്ച് പകരമിറക്കിയ മാർക്കസ് തുറാമിന്‍റെ പാസില്‍ നിന്നാണ് മുവാനിയുടെ ഗോള്‍. ഫ്രാന്‍സ് ആദ്യമായി ലോക കിരീടം നേടിയ 1998 ല്‍ ഫ്രഞ്ച് പ്രതിരോധ കോട്ടയുടെ കാവല്‍ ഭടനായിരുന്ന ലിലിയന്‍ തുറാമിന്‍റെ മകനാണ് മാർക്കസ് തുറാം.അന്നത്തെ ടീമിന്‍റെ നായകന്‍ ദ്വിതീർ ദഷാംസാണ് ഇപ്പോഴത്തെ പരിശീലകന്‍. ആദ്യ ഗോള്‍ വഴങ്ങിയ ശേഷം ഇടതടവില്ലാതെ ഫ്രഞ്ച് ഗോള്‍ മുഖത്തേക്ക് ഇരമ്പിക്കയറിയ മൊറോക്കന്‍ പോരാളികളുടെ മുന്നില്‍ ഭേദിക്കാനാകാത്ത കോട്ടമതില്‍ ഉയർത്തിയത് ഫ്രഞ്ച് ഗോള്‍ കീപ്പർ ഹ്യൂഗോ ലോറിസാണ്. ലോറിസ് പരാജയപ്പെട്ട ഘട്ടങ്ങളിലാകട്ടെ ഫ്രഞ്ച് പ്രതിരോധ ഭടന്മാർ ഗോള്‍ നീക്കങ്ങള്‍ നിർവീര്യമാക്കി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോറിസിനെ മറികടന്ന പന്ത് ഗോള്‍വലയ്ക്ക് ഇഞ്ചുകള്‍ക്ക് മുന്നില്‍ വച്ച് ജൂള്‍സ്
കോണ്ടെ ക്ലിയർ ചെയ്തത് ഫ്രഞ്ച് പ്രതിരോധ നിരയുടെ ശക്തിയുടെ നിദർശനമായി.
ഫ്രഞ്ച് നീക്കങ്ങളുടെ പൂർണ നിയന്ത്രണം മിഡ് ഫീല്‍ഡ് ജനറല്‍ ഗ്രീസ്മാനായിരുന്നു. ഫ്രീകിക്കിനും കോർണർ കിക്കിനും ഗ്രീസ്മാനെത്തന്നെയാണ് ഫ്രാന്‍സ് ആശ്രയിച്ചത്. എതിർതാരങ്ങളില്‍ നിന്ന് പന്ത് കൗശലത്തോടെ കാല്‍ക്കലാക്കാനും സഹതാരങ്ങള്‍ക്ക് കൃത്യതയോടെ പാസ് നല്‍കാനും കഠിനാധ്വാനം ചെയ്ത ഗ്രീസ്മാനാണ് കളിയിലെ താരം. എംബാപ്പയെ രണ്ടിലധികം പേർ ഒരേസമയം മാർക്ക് ചെയ്തുവെങ്കിലും മികച്ച നീക്കങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കൂടുതല്‍ നേരം പന്ത് കൈവശം വച്ച മൊറോക്കോയും തന്ത്രപരമായി നീങ്ങിയ ഫ്രാന്‍സും ഗോള്‍വല ലക്ഷ്യമാക്കി തൊടുത്തത് രണ്ട് ഷോട്ടുകള്‍ വീതം. ഫ്രാന്‍സ് രണ്ടും ഗോളാക്കി മാറ്റിയപ്പോള്‍ ഫിനിഷിംഗിലെ ആത്മവിശ്വാസമില്ലായ്മയാണ് മൊറോക്കോയ്ക്ക് തിരിച്ചടിയായത്. ഫ്രാന്‍സിന്‍റെ നാലാമത്തെ ഫൈനല്‍ പ്രവേശനമാണിത്. തുടർച്ചയായി രണ്ടാമത്തെ കലാശപ്പോരാട്ടവും. എതിരാളികള്‍ അർജന്‍റീന. ഫൈനലിന്‍റെ ആവേശത്തിനായി നമുക്കിനി കാത്തിരിക്കാം.