കടന്ന് പോയത് ഏറ്റവും ചൂടന്‍ ജൂണ്‍; കാരണം ഇതാണ്

കടന്ന് പോയത് ഏറ്റവും ചൂടന്‍ ജൂണ്‍; കാരണം ഇതാണ്

നൂറ്റിഎഴുപത്തിനാല് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ചൂടന്‍ ജൂണ്‍ 2023 ലേതെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷനും (എന്‍ഒഎഎ) നാസയും അനൗദ്യോഗികമായി നടത്തിയ സര്‍വേയില്‍ 2023 ഏറ്റവും ചൂടേറിയ പത്ത് വര്‍ഷങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ 99 ശതമാനം സാധ്യതയുണ്ടെന്ന് പറയുന്നു.

എല്‍ നീനോ കാലാവസ്ഥ രീതിയാണ് താപനില ഉയരാന്‍ ഒരു കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടികാണിക്കുന്നത്. രണ്ടോ ഏഴോ വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് എല്‍ നീനോ. പസഫിക്ക് സമുദ്രോപതലം ഈ പ്രതിഭാസം മൂലം ചൂടു കൂടുകയും തുടര്‍ന്ന് ആഗോളതലത്തില്‍ താപനിലയില്‍ മാറ്റം ഉണ്ടാവുകയും ചെയ്യുന്നു. ഒന്‍പത് മുതല്‍ 12 മാസം വരെ ഈ പ്രതിഭാസം നീണ്ടു നില്‍ക്കും.

2023 ജനുവരി മുതല്‍ ഇന്ന് വരെയുള്ള കണക്കെടുത്താല്‍ ആഗോള ഉപരിതല താപനില മൂന്നാമത്തെ ഏറ്റവും ചൂടേറിയ സമയമാണ്. എന്‍ഒഎഎയുടെ നാഷണല്‍ സെന്റര്‍സ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഇന്‍ഫര്‍മേഷനിലെ (എന്‍സിഇഐ) ശാസ്ത്രജ്ഞര്‍ 2023 ജൂണിലെ ആഗോള ഉപരിതല താപനില ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയായ 15.5 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ 1.05 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണെന്ന് കണ്ടെത്തി.

ജൂണിലെ താപനില ദീര്‍ഘകാല ശരാശരിയേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് കവിയുന്നത് ഇതാദ്യമാണെന്ന് എന്‍ഒഎഎ പറഞ്ഞു. മെയ് മാസത്തില്‍ ഉയര്‍ന്ന എല്‍ നിനോ ജൂണില്‍ ശക്തമായി തുടര്‍ന്നുവെന്നും എന്‍ഒഎഎ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.