ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനം സാധ്യമാകണമെങ്കില്‍ ദയാധനം നല്‍കേണ്ടി വരും. നിമിഷ പ്രിയയുടെ ശിക്ഷയില്‍ ഇളവ് നല്‍കണമെങ്കില്‍ യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.
പക്ഷേ യെമന്‍ പ്രസിഡന്റിന് ഈ വിഷയത്തില്‍ ഇടപെടാന്‍ നിയമപരമായി സാധിക്കുകയില്ലെന്നും പകരം ദയാധനം നല്‍കിയാല്‍ മാത്രമേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകുവെന്നാണ് ലഭ്യമാകുന്ന പുതിയ വിവരം. ദയാധനമായി 50 മില്യണ്‍ റിയാല്‍ ( ഒന്നര കോടി രൂപ ) ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍ വരുന്നത്.
നയതന്ത്രതലത്തില്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യെമനിലെ നിയമ സംവിധാനത്തിന്റെ എല്ലാ പരിമിതികളും മനസിലാക്കി സാധ്യമായ ഇടപെടലിനായി ഈ വിഷയത്തില്‍ ബന്ധപ്പെടുന്നുണ്ടെന്നാണ് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചത്.
വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി ഇക്കഴിഞ്ഞ 13 ന് തള്ളിയിരുന്നു. ഇന്ന് കേന്ദ്ര സര്‍ക്കാരാണ് ഈ വിവരം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്.
2017 ജൂലൈ 25 ന് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് മലയാളിയായ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട് യെമന്‍ കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ അപ്പീലാണ് യെമന്‍ സുപ്രീം കോടതി തള്ളിയത്. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീലിനായി കോടതിയെ സമീപിച്ചത്.