തൊഴിലുറപ്പ് പദ്ധതി ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം; വിബി ജി റാം ജി ബില്‍ നിയമമായി

തൊഴിലുറപ്പ് പദ്ധതി ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം; വിബി ജി റാം ജി ബില്‍ നിയമമായി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ സര്‍ക്കാര്‍ കൊണ്ടുവന്ന വിബി ജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ബില്ല് നിയമമായി മാറി. കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. മഹാത്മാ ഗാന്ധി ഗ്രാമീണമ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് പുതിയ പദ്ധതി.

ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളിലും നിലപാടെടുത്തപ്പോള്‍ പ്രതിപക്ഷത്തെ തള്ളി ശബ്ദ വോട്ടോകൂടിയാണ് വിബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. മഹാത്മാ ഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ് രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയത്.

വിബി ജി റാം ജി ബില്ല് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്കോ, സംയുക്ത പാര്‍ലമെന്ററി സമിതിക്കോ വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ആംഗീകരിക്കപ്പെട്ടില്ല. കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യം. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും നിരാകരിക്കപ്പെട്ടു.

പുതിയ ബില്ലില്‍ കൊണ്ടു വന്നിട്ടുള്ള ചില വ്യവസ്ഥകള്‍ സാമ്പത്തികമായി നട്ടം തിരിയുന്ന കേരളത്തിന് തിരിച്ചടിയാണ്. തൊഴിലുറപ്പു പദ്ധതിയുടെ വാര്‍ഷിക വിഹിതമായി ഇപ്പോള്‍ കേരളത്തിന് ലഭിക്കുന്നത് 4000 കോടിയോളം രൂപയാണ്. ഇനിമുതല്‍ പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണമെന്നാണ് പുതിയ നിബന്ധന. ഇതനുസരിച്ച് 1600 കോടി ഇനി കേരളം മുടക്കേണ്ടി വരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.