ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഡീപ് ഫേക്കുകള്‍ വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഞാന്‍ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയില്‍പ്പെട്ടു. എ.ഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് അതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിലൂടെ ഉണ്ടാകുന്ന വിനാശവും മാനനഷ്ടവും വലുതാണ്. എഐ സാങ്കേതിക വിദ്യ, ഡീപ് ഫേക്ക് എന്നിവ സംബന്ധിച്ച് മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
നടിമാരായ രശ്മിക മന്ദാന, കത്രീന കെയ്ഫ് തുടങ്ങിയവരുടെ അശ്ലീലമായ തരത്തിലുള്ള ഡീഫ് ഫേക്ക് വീഡിയോകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഒടുവില്‍ നടി കജോളിന്റെ ഡിപ് ഫേക്ക് വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കജോള്‍ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് ഒരേ വീഡിയോ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്.
രശ്മിക മന്ദാനയുടെ പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 1860 ലെ സെക്ഷന്‍ 465 (വ്യാജരേഖ), 469 (പ്രതികൂപത്തിന് ഹാനിവരുത്തല്‍), 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 66 സി (ഐഡന്റിറ്റി മോഷണം), 66 ഇ (സ്വകാര്യത ലംഘനം) എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.