എന്താണ് മൂണ്‍ ഹാലോ; അറിയാം

എന്താണ് മൂണ്‍ ഹാലോ; അറിയാം

തിരുവനന്തപൂരം: കഴിഞ്ഞ ദിവസം കേരളത്തില്‍ വിവിധയിടങ്ങളില്‍ ചന്ദ്രന് ചുറ്റും വലയം ദൃശ്യമായി. ഈ പ്രതിഭാസത്തിനെ മൂണ്‍ ഹാലോ, ലൂണാര്‍ ഹാലോ എന്നാണ് ശാസ്ത്ര ലോകത്തില്‍ അറിയപ്പെടുന്നത്. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളികളിലെ ഐസ് പരലുകളില്‍ പ്രകാശം തട്ടി അപവര്‍ത്തനം സംഭവിക്കുമ്പോഴാണ് ഇങ്ങനെ അനുഭവപ്പെടുന്നത്.

ഭൗമോപരിതലത്തില്‍ നിന്ന് ആറ് കി.മി ഉയരത്തില്‍ (20,000 അടി) മേഘങ്ങള്‍ ഉണ്ടാകും. ഇത് അന്തരീക്ഷത്തിലെ ഉയര്‍ന്ന മേഖലയിലായതിനാല്‍ ഐസ് പരലുകളാണ് ഈമേഘങ്ങളിലുണ്ടാകുക. ആറ് മുതല്‍ 12 കി.മി (40,000 അടി) ഉയരത്തില്‍ വരെ ഇത്തരം മേഘങ്ങളുണ്ടാകും. ഇവയില്‍ തട്ടിയാണ് സൂര്യന്റേയോ ചന്ദ്രന്റെയോ പ്രകാശം ഇത്തരത്തില്‍ പ്രത്യേക ഗോളം പോലെ ദൃശ്യമാകുന്നത്. ഇതിനെയാണ് മൂണ്‍ ഹാലോ എന്നു വിളിക്കുന്നത്.

മഴ പെയ്ത് കഴിഞ്ഞുള്ള തെളിഞ്ഞ മാനത്താണ് സാധാരണ ഈ പ്രതിഭാസം ദൃശ്യമാകുന്നത്. 22 ഡിഗ്രി ആരവും 44 ഡിഗ്രി വ്യാസവുമാണ് ചന്ദ്രന്റെയും സൂര്യന്റെയും ഹാലോയ്ക്കുണ്ടാകുക. സൂര്യന് ചുറ്റുമുള്ള വര്‍ണവലയത്തെ 22 ഡിഗ്രി ഹാലോ എന്നാണ് വിളിക്കുന്നത്. അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ഐസ് പരലുകളോ ഈര്‍പ്പകണങ്ങളിലൂടെയോ പ്രകാശ സ്രോതസില്‍ നിന്നുള്ള വെളിച്ചം കടന്നുപോകുമ്പോഴുള്ള ഒപ്റ്റിക്കല്‍ പ്രതിഭാസമാണ് ഹാലോ.

ഹാലോ എന്ന വാക്ക് ഗ്രീക്കില്‍ അര്‍ത്ഥമാക്കുന്നത് പ്രഭാവലയം എന്നാണ്. സൂര്യനും ചന്ദ്രനും ചുറ്റുമാണ് സാധാരണ ഇത് പ്രത്യക്ഷപ്പെടുക. വൃത്താകൃതിയിലാണ് ഇവ രൂപപ്പെടുക. എന്നാല്‍ ഹാലോയുണ്ടെങ്കില്‍ മഴ സാധ്യതയും ഉണ്ടെന്നായിരുന്നു ആദ്യ കാലത്തെ കാലാവസ്ഥാ നിരീക്ഷകര്‍ പറയാറുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.