മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

 മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. ഡല്‍ഹി സാകേത് കോടതിയുടേതാണ് വിധി. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നത്. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിങ്, അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. അഞ്ചാം പ്രതിയായ അജയ് സേത്തിയെ മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചു.

ഇയാള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2008 സെപ്റ്റംബര്‍ 30 നായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ കൊലപാതകം. ഡല്‍ഹിയില്‍ ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്നു സൗമ്യ വിശ്വനാഥ്. 2008 സെപ്തറ്റംബര്‍ 30 ന് രാത്രി ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവെയാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. വസന്ത് കുഞ്ചിലായിരുന്നു സൗമ്യയുടെ വീട്. നെല്‍സണ്‍ മണ്ടേല റോഡിലെത്തിയപ്പോള്‍ അക്രമികള്‍ സൗമ്യയുടെ കാര്‍ തടയുകയായിരുന്നു.

മോഷണമായിരുന്നു അക്രമികളുടെ ലക്ഷ്യം. അക്രമികളെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. പിന്നീട് സൗത്ത് ഡല്‍ഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ച നിലയിലാണ് സൗമ്യയെ കണ്ടെത്തിയത്. ആദ്യം അപകട മരണമാണ് എന്നായിരുന്നു കരുതിയത്. എന്നാല്‍ വിദഗ്ധ പരിശോധനയ്‌ക്കൊടുവില്‍ സൗമ്യയുടെ തലയ്ക്ക് വെടിയേറ്റു എന്ന് കണ്ടെത്തുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.