'ലക്ഷപതി ദീദി': വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍; കേന്ദ്രമന്ത്രിസഭാ തീരുമാനം

'ലക്ഷപതി ദീദി': വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍;  കേന്ദ്രമന്ത്രിസഭാ തീരുമാനം

ന്യൂഡല്‍ഹി: വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. 1261 കോടി രൂപ ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതി അടുത്ത നാല് വര്‍ഷത്തേക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്.

2023-2024, 2025-2026 വര്‍ഷങ്ങളിലായാണ് ഡ്രോണുകള്‍ നല്‍കുക. ഈ ഡ്രോണുകള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് വാടകയ്ക്ക് നല്‍കി വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് വരുമാനം കണ്ടെത്താനാകും.

ഡ്രോണിന്റെ തുകയുടെ 80 ശതമാനം, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ അടക്കം പരമാവധി എട്ട് ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'ലക്ഷപതി ദീദി' പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

സേവന മേഖലയില്‍ ഡ്രോണുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സ്വയം സഹായ സംഘങ്ങളുടെ ഭാഗമായി ഏതാണ്ട് 10 കോടി സ്ത്രീകളുണ്ട്. ഡ്രോണ്‍ പദ്ധതി, കൃഷിയിലെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെ കൂടുതല്‍ ത്വരിതപ്പെടുത്തുന്നു. വളവും കീടനാശിനികളും തളിക്കുന്നതില്‍ ഡ്രോണുകള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.