ന്യൂഡല്‍ഹി: വേദന സംഹാരിയായ മെഫ്താലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ (ഐപിസി). ഡ്രെസ് സിന്‍ഡ്രോം പോലുള്ള പ്രതികൂല പ്രതികരണങ്ങള്‍ക്ക് കാരണമാകുന്ന മെഫെനാമിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഡോക്ടറുടെ കൃത്യമായ നിര്‍ദേശ പ്രകാരമേ ഉപയോഗിക്കാവുയെന്നാണ് പറയുന്നത്.
സാധാരണയായി വരുന്ന ആര്‍ത്തവ വേദന, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഡിസ്മനോറിയ, ശരീരത്തിലെ മറ്റ് വേദനകള്‍, വീക്കം, പനി, പല്ലുവേദന എന്നിവയ്ക്കായി നിര്‍ദേശിക്കുന്ന മരുന്നാണിത്.
ഇതിന്റെ ഘടകമായ മെഫെനാമിക് ആസിഡ് ശരീരത്തിലെ ആന്തരിക അവയവങ്ങളെ ബാധിക്കുന്ന ഡ്രെസ് സിന്‍ഡ്രോം പോലുള്ള കഠിനമായ അലര്‍ജി പ്രതി പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. ഡ്രെസ്സ് സിന്‍ഡ്രോം എന്നത് ചില മരുന്നുകള്‍ മൂലമുണ്ടാകുന്ന കടുത്ത അലര്‍ജിയാണ്. അലര്‍ജിയുടെ പ്രധാന ലക്ഷണങ്ങള്‍ ചര്‍മ്മത്തിലെ ചുണങ്ങ്, പനി എന്നിവയാണ്.
മരുന്ന് കഴിച്ച് രണ്ടാഴ്ച മുതല്‍ ഇത്തരം അലര്‍ജി അനുഭവപ്പെടും. ഇവ ഉപയോഗിച്ച് ഏതെങ്കിലും തരത്തില്‍ പാര്‍ശ്വഫലം അനുഭവപ്പെട്ടാല്‍ www.ipc.gov.in എന്ന വെബ്‌സൈറ്റ് മുഖേന അറിയിക്കണമെന്നാണ് നിര്‍ദേശം.