ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേന്ദ്രത്തിനെതിരെ സുപ്രീ കോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ നടപടി. കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ വായ്പ പരിധിവെട്ടിക്കുറച്ചത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ട്രഷറിയിലെ നിക്ഷേപം കേരളത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെന്‍ഷന്‍ കമ്പനി രൂപീകരിച്ച തുകയും കേരളത്തിന്റെ ബാധ്യതയായി കണ്ടിരിക്കുന്നത്. 26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ട് എന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
കേരളത്തിന് ഇത്തവണ 20, 521 കോടി രൂപ മാത്രമേ പൊതുവിപണിയില്‍ നിന്ന് കടമെടുക്കാനാവൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നു. 28,550 കോടി രൂപയാണ് കേരളം പ്രതീക്ഷിച്ചത്. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേടതിയെ സമീപിച്ചത്.