കിഫ്ബി: 3140 കോടിയുടെ വായ്പ കടപരിധിയില്‍ നിന്ന് കേന്ദ്രം ഒഴിവാക്കി; 2000 കോടി കൂടി കടമെടുക്കാന്‍ ധനവകുപ്പ്

കിഫ്ബി: 3140 കോടിയുടെ വായ്പ കടപരിധിയില്‍ നിന്ന് കേന്ദ്രം ഒഴിവാക്കി; 2000 കോടി കൂടി  കടമെടുക്കാന്‍ ധനവകുപ്പ്

തിരുവനന്തപുരം: കിഫ്ബിയും സാമൂഹിക സുരക്ഷാ കമ്പനിയും ചേര്‍ന്നെടുത്ത 3140 കോടി രൂപയുടെ വായ്പ ഇത്തവണ കേരളത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രം സമ്മതിച്ചു. ഇതോടെ 2000 കോടി രൂപ കൂടി കടമെടുക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു.

വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിന് കടപത്രം പുറപ്പെടുവിക്കുമെന്നും ഇതിനുള്ള ലേലം 19 ന് നടക്കുമെന്നും ധനവകുപ്പ് അറിയിച്ചു. ഈ വര്‍ഷം കിഫ്ബിയും സാമൂഹിക സുരക്ഷാകമ്പനിയും എടുത്തിട്ടുള്ള 3140 കോടി രൂപയുടെ വായ്പ കേരളത്തിന്റെ പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നേരത്തേ കേന്ദ്രം തീരുമാനിച്ചിരുന്നു.

ഇത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. പ്രസ്തുത തുക വായ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് കേരളത്തിന് താല്‍ക്കാലിക ആശ്വാസമായി.

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയം ഭരണാവകാശത്തിന്മേല്‍ കേന്ദ്രം കൈകടത്തിയതാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇത് അവസാനിപ്പിക്കുകയോ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടാവുകയോ ചെയ്തില്ലെങ്കില്‍ സാമ്പത്തിക ദുരന്തം ഉണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.