ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രഥമ സന്ദശനത്തിനായെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് രാഷ്ട്രപതി ഭവനില്‍ വന്‍ വരവേല്‍പ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പമാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒമാന്‍ ഭരണാധികാരിയെ സ്വീകരിച്ചത്.
പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന്റെ ക്ഷണം സ്വീകരിച്ചാണ് ത്രിദിന സന്ദര്‍ശനത്തിന് ഒമാന്‍ സുല്‍ത്താന്‍ വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്. ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യുന്നതിന് സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.
കൂടാതെ വിവിധ മേഖലകളില്‍ ധാരണ പത്രങ്ങളിലും ഒപ്പുവക്കും. നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടും സുല്‍ത്താന്‍ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് സുല്‍ത്താന്റെ സന്ദര്‍ശനമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാന്‍. ദുക്കമില്‍ ഇന്ത്യയുടെ നേവി ആക്സസ് അനുവദിക്കുന്നതിന് നേരത്തെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ ഞായറാഴ്ച മസ്‌കറ്റിലേക്ക് തിരിക്കും.