ന്യൂഡല്‍ഹി: വാഹനം തടയാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയാല്‍ ഇനിയും പുറത്തിറങ്ങുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തുമ്പോള്‍ ഗസ്റ്റ് ഹൗസിലല്ല, ക്യാംപസില്‍ താമസിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദേഹം.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. സുരക്ഷയെക്കുറിച്ച് താന്‍ കൂടുതലൊന്നും പറയുന്നില്ല. അതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുമില്ല. താന്‍ എന്ത് ചെയ്യണം എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിക്കാനാകില്ല. മുഖ്യമന്ത്രിയുടെ കാര്‍ ആയിരുന്നെങ്കില്‍ അതിനടുത്തേക്ക് പോകാന്‍ അവര്‍ ആരെയെങ്കിലും അനുവദിക്കുമായിരുന്നോ എന്നും അദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാത്രമല്ല നേരത്തേ കണ്ണൂരിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പ്രതിഷേധിക്കുമെങ്കിലും തടയാനകില്ലെന്നാണ് ഇപ്പോള്‍ എസ്എഫ്ഐക്കാര്‍ പറയുന്നത്.
നേരത്തേ വാഹനം തടഞ്ഞതിലൂടെ വീഴ്ച ഉണ്ടായെന്ന് സമ്മതിക്കാന്‍ അവര്‍ അതുവരെ തയ്യാറായിട്ടുണ്ടോയെന്നും എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും അദേഹം പറഞ്ഞു. വരുന്നവര്‍ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെക്കുറിച്ചും ആകുലതയില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറെ ക്യാംപസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു എസ്എഫ്‌ഐയുടെ വെല്ലുവിളി. ഇത് ഏറ്റെടുത്താണ് ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം, കാലിക്കറ്റ് സര്‍വകലാശാലകളിലെ സെനറ്റിലേയ്ക്ക് ബിജെപി അനുകൂലികളെ തിരുകി കയറ്റുന്നെന്ന് ആരോപിച്ചായിരുന്നു തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചത്. വിവാദമായ അതേ സര്‍വകലാശാലയിലേയ്ക്കാണ് ഗവര്‍ണര്‍ ഇന്ന് എത്തുന്നത്. വൈകിട്ട് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന അദ്ദേഹം 6.50ന് സര്‍വകലാശാല ഗസ്റ്റ് ഹൗസിലെത്തും. നാളെ കോഴിക്കോട് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ മകന്റ വിവാഹത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച 3.30ന് ഭാരതീയ വിചാരകേന്ദ്രവും സനാതന ധര്‍മ ചെയറും ചേര്‍ന്ന് സര്‍വകലാശാല കോംപ്ലക്‌സില്‍ സംഘടിപ്പിക്കുന്ന സെമിനാറാണ് പ്രധാനപരിപാടി. ശേഷം അന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങും.