അമേരിക്കയില്‍ സാത്താന്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതിയാക്കപ്പെട്ട യുവാവിന് പിന്തുണയേറുന്നു; നിയമപോരാട്ടത്തിനുള്ള ചെലവ് വഹിക്കുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍

അമേരിക്കയില്‍ സാത്താന്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതിയാക്കപ്പെട്ട യുവാവിന് പിന്തുണയേറുന്നു; നിയമപോരാട്ടത്തിനുള്ള ചെലവ് വഹിക്കുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍

അയോവ: അമേരിക്കയിലെ അയോവ സ്‌റ്റേറ്റ് കാപ്പിറ്റോളില്‍ പ്രദര്‍ശനത്തിനുവച്ച പൈശാചിക രൂപം തകര്‍ത്ത സംഭവത്തില്‍ പ്രതിയാക്കപ്പെട്ട യുവാവിന് സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും പിന്തുണയേറുന്നു. യുവാവിനെ കുറ്റവിമുക്തനാക്കാനുള്ള നിയമ പോരാട്ടത്തെ പിന്തുണയ്ക്കുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അറിയിച്ചു.

സംസ്ഥാനത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ കാണുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുംവിധം സ്ഥാപിച്ച പൈശാചിക പ്രതിമയെച്ചൊല്ലി നിയമസാമാജികര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. അതിനിടെയാണ് മുന്‍ യുഎസ് നേവി പൈലറ്റായ മൈക്കല്‍ കാസിഡി പ്രതിമ തകര്‍ത്തത്.
മൈക്കല്‍ കാസിഡിക്കെതിരെ നാലാം ഡിഗ്രി ക്രിമിനല്‍ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവും 2,560 ഡോളര്‍ പിഴയും ലഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെ അപലപിച്ച് പ്രതിമ സ്ഥാപിച്ച സാത്താനിക് ടെംപിള്‍ എന്ന സംഘടന രംഗത്തുവന്നപ്പോള്‍ മൈക്കല്‍ കാസിഡിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്. യുവാവിനു വേണ്ടിയുള്ള നിയമപോരാട്ടത്തിനായി ക്രൗഡ് ഫണ്ടിങ് കാമ്പെയ്നും ആരംഭിച്ചു. ടേണിംഗ് പോയിന്റ് യുഎസ്എ പോലെയുള്ള നിരവധി സംഘടനകള്‍ ക്രൗഡ് ഫണ്ടിങ്ങിലേക്ക് വലിയ തുക സംഭാവന ചെയ്തു. കാമ്പെയ്‌നിലൂടെ ലക്ഷ്യമിട്ട 20,000 ഡോളര്‍ ഇതിനകം സമാഹരിച്ചുകഴിഞ്ഞു.

റിപ്പബ്ലിക്കന്‍ ഗവര്‍ണറായ റോണ്‍ ഡിസാന്റിസും പിന്തുണച്ചതോടെ സംഭവം രാജ്യാന്തര ശ്രദ്ധ നേടിയിരിക്കുകയാണ്. 'നമ്മുടെ സമൂഹത്തില്‍ സാത്താന് സ്ഥാനമില്ല, ഫെഡറല്‍ സര്‍ക്കാര്‍ അതിനെ ഒരു മതമായി ഒരു കാരണവശാലും അംഗീകരിക്കരുത്' - ഡിസാന്റിസ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. സംഭവത്തില്‍ പ്രതിയാക്കപ്പെട്ട വിമുക്തഭടനു വേണ്ടി കേസ് നടത്താനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. തിന്മയ്ക്കു മേല്‍ നന്മ വിജയിക്കും, അതാണ് അമേരിക്കന്‍ സ്പിരിറ്റ് - റോണ്‍ ഡിസാന്റിസ് കൂട്ടിച്ചേര്‍ത്തു.

അയോവ സ്റ്റേറ്റ് ക്യാപിറ്റോളിന്റെ ഒന്നാം നിലയില്‍ രണ്ടാഴ്ചത്തേക്കാണ് പൈശാചിക പ്രതിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചത്. സംസ്ഥാനത്തിന്റെ മതസ്വാതന്ത്ര്യ നിയമം അനുസരിച്ച് ഇത്തരം പ്രദര്‍ശനങ്ങള്‍ അനുവദനീയമാണ്.

ചുവന്ന വസ്ത്രം ധരിച്ച് വെള്ളിനിറത്തിലുള്ള ആടിന്റെ തലയോടുകൂടിയ പൈശാചിക രൂപമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രതിമയ്ക്കു ചുറ്റും പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും മെഴുകുതിരികള്‍ കത്തിച്ചുവെച്ചിരിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇത്തരമൊരു പ്രദര്‍ശനം അനുവദിക്കുന്നതിന്റെ നിയമസാധുത റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍ ചോദ്യം ചെയ്തിരുന്നു. പൈശാചിക പ്രദര്‍ശനത്തിനെതിരേ ജനരോഷവും വ്യാപകമായി ഉയര്‍ന്നിരുന്നു. അതിനിടെയാണ് പ്രതിമ തകര്‍ക്കപ്പെട്ടത്.

'നമ്മുടെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന ക്രിസ്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാനാണ് താന്‍ പ്രതിമ നശിപ്പിച്ചതെന്ന് കാസിഡി മാധ്യമങ്ങളോട് പറഞ്ഞു. എന്റെ മനസാക്ഷി ബ്യൂറോക്രാറ്റിക് ഉത്തരവിനല്ല, ദൈവവചനത്താലാണ് ബന്ദിയാക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൈശാചിക പ്രദര്‍ശനം ദേശീയ വാര്‍ത്തയായതോടെ രാജ്യത്തുടനീളമുള്ള നിയമനിര്‍മ്മാതാക്കളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. അസ്വസ്ഥതതപ്പെടുന്ന പ്രദര്‍ശനം സംസ്ഥാനത്തിന്റെ ഭരണഘടനയെ ലംഘിക്കുന്നതാണെന്നാണ് അയോവ സംസ്ഥാന പ്രതിനിധി ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.