ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍, മുന്‍ കരുതല്‍ നടപടികള്‍ തുടങ്ങിയവ വിലയിരുത്തുന്നതിനായി നാളെയാണ് യോഗം ചേരുക.
ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 കേരളത്തില്‍ സ്ഥിരീകരിച്ചിരുന്നു. ഡിസംബര്‍ എട്ടിന് 79 വയസായ സ്ത്രീയിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.