ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ അടുത്ത ബന്ധുക്കള്‍ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 14 ന് ഇന്ദര്‍ലോക് മെട്രോ സ്റ്റേഷനിലാണ് അപകടം നടന്നത്. വസ്ത്രങ്ങള്‍ ട്രെയിനില്‍ കുരുങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ അന്വേഷണം നടത്തി വരികയാണ്. 2017 ലെ മെട്രോ റെയില്‍വേ (ക്ലെയിം നടപടിക്രമങ്ങള്‍) ചട്ടങ്ങള്‍ അനുസരിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ഡല്‍ഹി മെട്രോ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ മരിച്ച യുവതിയുടെ മക്കള്‍ക്ക് മാനുഷിക സഹായമെന്ന നിലയില്‍ 10 ലക്ഷം രൂപ കൂടി നല്‍കും. കുട്ടികള്‍ ഇരുവരും
പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ഡിഎംആര്‍സി നിലവില്‍ തുക കൈമാറുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
കൂടാതെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസവും ഡിഎംആര്‍സി ഏറ്റെടുക്കുമെന്ന് അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ വ്യക്തമാക്കി. എല്ലാ ആവശ്യങ്ങളും വേഗത്തില്‍ നടപ്പാക്കുന്നതിന് വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ ഡിഎംആര്‍സി നിയോഗിച്ചിട്ടുണ്ട്. കുട്ടികളുടെ പരിചരണവും വിദ്യാഭ്യാസവും ഡല്‍ഹി മെട്രോ മാനേജ്മെന്റ് ഉറപ്പാക്കണമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയും നിര്‍ദേശം നല്‍കിയതായി പ്രസ്താവനയില്‍ പറയുന്നു.
അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡല്‍ഹി മെട്രോ ട്രെയിനുകളിലും പരിസരങ്ങളിലും നടന്ന വിവാദ വൈറല്‍ വീഡിയോകള്‍ക്ക് പിന്നാലെ ഡിഎംആര്‍സി മേധാവി വികാസ് കുമാര്‍ ഡല്‍ഹി മെട്രോ ട്രെയിനിനകത്തും പരിസരങ്ങളിലും യാത്രക്കാര്‍ മാന്യമായ രീതിയില്‍ പെരുമാറണമെന്ന് ആവശ്യപ്പെട്ടു.
സമൂഹത്തിന്റെ നന്മയ്ക്കായി യാത്രക്കാരോട് സ്വയം അച്ചടക്കം പാലിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നതായും മോശമായി പെരുമാറുന്നവരെ ഉപദേശിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ കാലാകാലങ്ങളില്‍ മിന്നല്‍ പരിശോധന നടത്താറുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഡിഎംആര്‍സി പരമാവധി ശ്രമിക്കുന്നുണ്ടെന്നും ണ്ടെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
യാത്രക്കാര്‍ കോച്ചുകള്‍ക്കകത്തും പ്ലാറ്റ്ഫോമുകളിലും നൃത്തം ചെയ്യുന്നതും സ്നേഹ പ്രകടനം നടത്തുന്നതും തുടങ്ങി നിരവധി സംഭവങ്ങള്‍ വൈറലായിരുന്നു. മെട്രോ പരിസരത്ത് എല്ലായിടത്തും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കഴിയില്ലെന്നും ഇത്തരം സംഭവങ്ങള്‍ അധികൃതരെ അറിയിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് ഡിഎംആര്‍സി.