ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ സൈനിക ട്രെക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് സൂചന.
സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന് പരിക്കേറ്റതായാണ് വിവരം. ഇപ്പോഴും പ്രദേശത്ത് വെടിവയ്പ്പ് തുടരുകയാണ്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.45നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോവുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.
പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യസേനയുടെ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി മുതല്‍ രജൗരി മേഖലയില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തിവരികയായിരുന്നു ഇന്ത്യന്‍ സൈന്യം. ഇവരെ തിരിച്ചു കൊണ്ട് പോകുന്ന വഴിയ്ക്കാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്.
പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെടിവെയ്പ് തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട് സൈന്യം.
കഴിഞ്ഞ ഒരു മാസത്തിനിടെ മേഖലയില്‍ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണ് ഇന്നത്തേത്. കഴിഞ്ഞ മാസം രജൗരിയിലെ കലക്കോട്ടില്‍ സൈന്യവും പ്രത്യേക സേനയും ഭീകരവിരുദ്ധ ഓപ്പറേഷന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് രണ്ട് ക്യാപ്റ്റന്മാര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഖലയില്‍ ഭീകരാക്രമണം പതിവാണ്.
ഏപ്രിലിലും മെയിലുമായി പത്ത് സൈനികരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2003 നും 2021 നും ഇടയില്‍ ഈ പ്രദേശം വലിയ തോതില്‍ തീവ്രവാദത്തില്‍ നിന്ന് മുക്തമായിരുന്നു. അതിനുശേഷം ഏറ്റുമുട്ടലുകള്‍ പതിവായി. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 35 ഓളം സൈനികരാണ് വിരമൃത്യു വരിച്ചത്.