രജൗരി ഏറ്റുമുട്ടല്‍: ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുക്കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

രജൗരി ഏറ്റുമുട്ടല്‍: ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുക്കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. അഖ്നൂര്‍ സെക്ടറിലെ അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാല് ഭീകരരുടെ നീക്കങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്.

സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അതിര്‍ത്തിക്ക് സമീപം ഭീകരര്‍ ഒരു മൃതദേഹം വലിച്ചിഴയ്ക്കുന്നത് കണ്ടത്. ഇതോടെ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങുകയായിരുന്നുവെന്ന് സമൂഹ മാധ്യമത്തിലൂടെ ഇന്ത്യന്‍ ആര്‍മിയുടെ വൈറ്റ് നൈറ്റ് കോര്‍പ്സ് അറിയിച്ചു.

രജൗരിയില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രജൗരിയിലെ പൂഞ്ച് മേഖലയില്‍ ഭീകരരുണ്ടെന്ന രഹസ്യ വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഇത് പരിശോധിക്കാനായി പോകുന്ന വഴിയായിരുന്നു ഭീകരര്‍ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തത്.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിരോധിത ഭീകര സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) രംഗത്തെത്തിയിരുന്നു. ലഷ്‌കര്‍-ഇ-ത്വയ്ബയുടെ കീഴിലുള്ള ഭീകരസംഘടനയാണ് പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. ഭീകരാക്രമണം നടന്ന മേഖലയില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം വ്യാപാകമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.