മതപരിവര്‍ത്തനം ആരോപിച്ച് യു.പി സര്‍ക്കാര്‍ ജയിലിലടച്ച വൈദികന്‍ മോചിതനായി; നിരവധി ക്രൈസ്തവര്‍ ഇപ്പോഴും തടവറയില്‍

മതപരിവര്‍ത്തനം ആരോപിച്ച്  യു.പി സര്‍ക്കാര്‍ ജയിലിലടച്ച വൈദികന്‍ മോചിതനായി; നിരവധി ക്രൈസ്തവര്‍ ഇപ്പോഴും തടവറയില്‍

ലക്‌നൗ: മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ലംഘനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ പൊലീസ് അറസ്റ്റ് ചെയ്ത വൈദികന്‍ മോചിതനായി. മൂന്ന് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇന്നലെ അലഹബാദില്‍ നിന്നുള്ള മുതിര്‍ന്ന വൈദികനായ ഫാ. ബാബു ഫ്രാന്‍സിസ് മോചിതനായത്.

അലഹബാദ് രൂപത ഡെവലപ്മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ (ഡിഡിഡബ്ല്യുഎസ്) ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഫാ. ബാബു ഫ്രാന്‍സിസിനെ ഒക്ടോബര്‍ ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു വീടിനുള്ളില്‍ പ്രാര്‍ഥന നടത്തിയെന്ന് ആരോപിച്ച് സൂസൈ രാജ് എന്ന ക്രിസ്ത്യന്‍ പാസ്റ്ററെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

ഫാ. ഫ്രാന്‍സിസിന്റെ ജീവനക്കാരന്റെ സഹോദരനായിരുന്നു ഈ പാസ്റ്റര്‍. സൂസൈ രാജിനെ കണ്ടെത്താനാകാത്ത പൊലീസ് ഫാ.ബാബു ഫ്രാന്‍സിസിനെയും അദേഹത്തിന്റെ രണ്ട് സഹോദരന്മാരെയും സൂസൈ രാജിന്റെ മരുമകനെയും അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. മതപരിവര്‍ത്തനം, കൊലപാതകശ്രമം എന്നീ കുറ്റങ്ങളാണ് വൈദികനും കൂടെയുള്ളവര്‍ക്കുമെതിരെ പൊലീസ് ചുമത്തിയിരുന്നത്.

ഫാ. ഫ്രാന്‍സിസ് മോചിതനായെങ്കിലും ഇത്തരം സംശയാസ്പദമായ കുറ്റങ്ങള്‍ ചുമത്തി നിരപരാധികളായ നിരവധി ക്രിസ്ത്യാനികള്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നുണ്ടെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (യുസിഎഫ്) കോര്‍ഡിനേറ്റര്‍ എ.സി മൈക്കല്‍ വെളിപ്പെടുത്തി.

'ഇത് ഞങ്ങള്‍ക്ക് ഒരു ക്രിസ്മസ് സമ്മാനമാണ്. ഞങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല'- പ്രയാഗ്രാജ് ജില്ലയിലെ നൈനി ജയിലിന്റെ കവാടത്തില്‍ ഫാ. ഫ്രാന്‍സിസിനെ പൂച്ചെണ്ട് നല്‍കി അഭിവാദ്യം ചെയ്യവെ അലഹബാദിലെ ബിഷപ്പ് ലൂയിസ് മസ്‌കരനാസ് പറഞ്ഞു.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ പതിനൊന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. എന്നാല്‍ അത് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ആചാരങ്ങള്‍ തടയാന്‍ ഉപയോഗിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. മൂന്നുവര്‍ഷം മുമ്പ് ഉത്തര്‍പ്രദേശില്‍ ഈ നിയമം പാസാക്കിയതിനു ശേഷം 398 ക്രിസ്ത്യാനികള്‍ അറസ്റ്റിലായിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.