ന്യൂഡല്‍ഹി: രാജ്യത്തെ ഗുസ്തി താരങ്ങളുടെ വന്‍ പ്രതിഷേധങ്ങള്‍ക്ക് നടുവിലും അവര്‍ക്ക് ചെവികൊടുക്കാതെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍.
ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക്ക് ഗുസ്തിയില്‍ നിന്നു വിരമിച്ചതിന് പിന്നാലെ ബജ് രംഗ് പൂണിയ പദ്മശ്രീ തിരിച്ചുനല്‍കിയിരുന്നു.
ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ അവഗണിച്ച് ബ്രിജ് ഭൂഷണ്‍ സരണ്‍ സിംഗിന്റെ അനുഭാവിയായ സഞ്ജയ് സിംഗിനെ കേന്ദ്ര റെസ്ലിംഗ് ഫെഡറേഷന്‍ തലവനായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുന്നത്.
എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാതിരുന്ന കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഇവരുടെ സേവനം വരും തലമുറയ്ക്ക് ആവശ്യമാണെന്നും നിരവധി അന്താരാഷ്ട്ര മല്‍സരങ്ങളിലടക്കം മികവു തെളിയിച്ച മുതിര്‍ന്ന താരങ്ങള്‍ പരിശീലിപ്പിക്കാന്‍ സന്നദ്ധരാകണമെന്നും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പദ്മശ്രീ തിരിച്ചു നല്‍കാന്‍ ഡല്‍ഹിയിലെ കര്‍ത്തവ്യ പഥിലെത്തിയ പൂണിയ പോലീസുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പദ്മശ്രീ മെഡല്‍ വഴിയോരത്ത് വെച്ച് മടങ്ങുകയായിരുന്നു.
വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നു പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ താന്‍ പലകുറി പ്രതികരിച്ചു കഴിഞ്ഞതാണെന്നും ഇനിയും പ്രതികരിക്കാനില്ലെന്നും പറഞ്ഞു. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ പാരാ ഗെയിംസിലും നൂറിലധികം മെഡല്‍ നേടിയ മുതിര്‍ന്ന താരങ്ങള്‍ തങ്ങളുടെ അനുഭവ സമ്പത്ത് പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കണമെന്ന് ആവശ്യപ്പെട്ടു.
സായിയിലെ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പുതിയ തലമുറ അത്‌ലറ്റുകള്‍ക്ക് വളരാന്‍ ഏറെ അവസരമുണ്ടെന്നും ഇത്തരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍ അവരുടെ മികവിന് മാറ്റു കൂട്ടുമെന്നും കൂട്ടിച്ചേര്‍ത്തു.