കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണത്തിനിടെ മരിച്ച നാട്ടുകാരുടെ ആശ്രിതര്‍ക്ക് ജോലിയും ധനസഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍

കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണത്തിനിടെ മരിച്ച നാട്ടുകാരുടെ ആശ്രിതര്‍ക്ക് ജോലിയും ധനസഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ മരിച്ച മൂന്നു യുവാക്കളുടെ ആശ്രിതര്‍ക്ക് ജോലിയും ധനസഹായവും ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 

ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സൈന്യം ഭീകരര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ സൈനിക വാഹനങ്ങള്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 

ഈ ആക്രമണത്തെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി പതിനഞ്ചോളം പേരെ സൈന്യം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ 15 പേരില്‍ ഉള്‍പ്പെട്ട മൂന്നു പേരെയാണ് പിന്നീട് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവരുടെ ശരീരത്തില്‍ ഗുരുതര ക്ഷതങ്ങള്‍ കാണപ്പെട്ടിരുന്നു. 

സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സൈന്യത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്.

സംഭവത്തില്‍ സൈന്യത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളുമടക്കം രംഗത്തുവന്നു.
ടോപ പീര്‍ ഗ്രാമത്തില്‍ നിന്നുള്ള സഫീര്‍ ഹുസൈന്‍ (43), മുഹമ്മദ് ശൗക്കത് (27), ശബിര്‍ അഹ്‌മ്മദ് (32) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് തക്കതായ ശിക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), പ്രാദേശിക പാര്‍ട്ടികളുടെ നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവയും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. 

മരിച്ചവരുടെ ആശ്രിതര്‍ക്ക് 50 ലക്ഷം ധനസഹായം നല്‍കണമെന്ന് പിഡിപി അധ്യക്ഷന്‍ മഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. സൈന്യം പിടിച്ചെടുത്ത 15 പേരില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും ബാക്കിയുള്ള 12 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മുഫ്തി ആരോപിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സൈന്യം വെളിപ്പെടുത്തി. ഏതു തരത്തിലുള്ള അന്വേഷണവുമായും പൂര്‍ണമായി സഹകരിക്കുമെന്നും സൈന്യം ഉറപ്പുനല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.