പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ലാലു പ്രസാദിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയായ ആര്‍.ജെ.ഡിയും ലയനത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്.
ഇന്ത്യന്‍ ബ്ലോക്കിലെ എല്ലാ ഘടകകക്ഷികളും ജനുവരിയോടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന കുമാറിന്റെ നിര്‍ദേശത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രതികരണം.
'ഞാന്‍ ലാലു ജിയുമായി വ്യക്തിപരമായ സമവാക്യങ്ങള്‍ പങ്കിടുന്നു. എനിക്ക് പരസ്യമായി വെളിപ്പെടുത്താന്‍ കഴിയാത്ത പലതും അദേഹം എന്റെ ചെവിയില്‍ മന്ത്രിച്ചു. എന്നാല്‍ ജെ.ഡി.യു ഉടന്‍ ആര്‍.ജെ.ഡിയില്‍ ലയിക്കാന്‍ പോകുന്നുവെന്ന് ഞാന്‍ നിങ്ങളോട് പറയട്ടെ. അതിനാല്‍, സീറ്റ് പങ്കിടല്‍ ഉണ്ടാകില്ല.' കേന്ദ്ര മന്ത്രി പറഞ്ഞു.
അടുത്തിടെ അവസാനിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രിയും ഇന്ത്യാ ബ്ലോക്ക് മീറ്റില്‍ പങ്കെടുത്ത ലാലു പ്രസാദ് യാദവും ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് ഒരേ വിമാനത്തിലായിരുന്നു മടങ്ങിയിരുന്നത് എന്നതും ശ്രദ്ധേയമാണ്. മകനും ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ബീഹാറില്‍ മുഖ്യമന്ത്രിയാക്കേണ്ട സമയമായി എന്ന് ലാലു പ്രസാദ് യാദവ് വിമാനത്തില്‍വച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.
എന്നാല്‍ കേന്ദ്ര മന്ത്രിയുടെ അവകാശവാദങ്ങളെ പൂര്‍ണമായി തള്ളിക്കൊണ്ട് ലാലു പ്രസാദ് യാദവ് രംഗത്ത് വന്നു. 'കുറച്ച് ശ്രദ്ധ പിടിച്ചുപറ്റാനുള്ള തീവ്രമായ ശ്രമത്തില്‍ അതിരുകടന്ന പ്രസ്താവനകള്‍ നടത്താനാണ് സിങ് ഇഷ്ടപ്പെടുന്നത്. അസാധാരണമായ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ആരും അദേഹത്തെ ശ്രദ്ധിക്കില്ല.'- ലാലു പ്രസാദ് പറഞ്ഞു.
ജെ.ഡി.യു പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് ലാലനോട് പാര്‍ട്ടി ആര്‍.ജെ.ഡിയില്‍ ലയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴും സമാനമായ പ്രതികരണമാണ് നടത്തിയത്. നമുക്ക് ഗിരിരാജ് സിങ്ങിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട് ആവശ്യമില്ല. അദേഹം ഒരു ടി.ആര്‍.പി മോളറാണ്. അദേഹത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ അദേഹം പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് രാജീവ് രഞ്ജന്‍ സിങ് ലാലന്‍ പറഞ്ഞു.
അതേസമയം നിതീഷ് കുമാറിന്റെ ജെ.ഡിയുവില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ലാലന്‍ സിങിനും ലാലു പ്രസാദിനും ഇടയില്‍ ശക്തമായ ബന്ധം രൂപപ്പെട്ടിട്ടുണ്ടെന്നും ഇതാണ് ലയന സാധ്യത എന്നതിലേക്ക് ബിജെപി നേതാവ് വിരല്‍ ചൂണ്ടിയതും. എന്നാല്‍ സീറ്റ് വിഭജന പ്രക്രിയയ്ക്ക് മുന്നോടിയായി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി തങ്ങളുടെ എതിരാളികള്‍ ഇത് വ്യാജ പ്രചരണം നടത്തുകയാണെന്ന് ജെ.ഡി.യു, ആര്‍.ജെ.ഡി നേതാക്കള്‍ പറയുന്നു.