ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 2024 അവസാന പകുതിയിലോ, 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തും. കേരളത്തിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
ന്യൂഡല്‍ഹി ലോ കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ഒരുക്കിയ ക്രിസ്തുമസ് വിരുന്നിനിടെ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ ചോദ്യത്തിന് മറുപടിയായാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ അനില്‍ തോമസ് കുട്ടോ, പോള്‍ സ്വരൂപ്, വൈദികര്‍, കായിക താരം അഞ്ജു ബോബി ജോര്‍ജ്, സിനിമ താരം ജനീലിയ ഡിസൂസ, ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, വ്യവസായ പ്രമുഖര്‍ എന്നിവരടക്കം 60 പേരാണ് പരിപാടിയില്‍ സംബന്ധിച്ചത്.
പതിനഞ്ച് മിനിട്ട് നീണ്ട ക്രിസ്തുമസ് ആശംസയില്‍ ക്രിസ്ത്യന്‍ സഭകള്‍ രാജ്യത്തിന് ചെയ്ത സേവനത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. പിന്നിട് നടന്ന വിരുന്ന് സല്‍ക്കാരത്തില്‍ ക്ഷണിക്കപ്പെട്ടെത്തിയ അതിഥികളെ വ്യക്തിപരമായി കണ്ടും അദേഹം സംസാരിച്ചു.