മുംബൈ: അറബിക്കടലിലും ചെങ്കടലിലും ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ ഗൗരവകരമാണെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. എം.വി ചെം പ്ലൂട്ടോയ്ക്കും എം.വി സായി ബാബയ്ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവതരമായി എടുത്തിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
ഇംഫാലില്‍ സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ കമ്മിഷന്‍ ചെയ്തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആഴക്കടലില്‍ ഒളിച്ചാലും അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ചരക്ക് കപ്പലുകള്‍ക്ക് നേരെ മുമ്പുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ കടലില്‍ പട്രോളിങ് ശക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് രണ്ട് കപ്പലുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നത്.
ഇക്കഴിഞ്ഞ 23 നാണ് അറബിക്കടലില്‍ ചരക്ക് കപ്പലായ എം.വി ചെം പ്ലൂട്ടോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. സൗദി അറേബ്യയില്‍ നിന്നും മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നും 217 നോട്ടിക്കല്‍ അകലെ വച്ചായിരുന്നു സംഭവം. കപ്പലില്‍ 20 പേര്‍ ഇന്ത്യക്കാരായിരുന്നു. ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കപ്പലില്‍ തീപിടിത്തമുണ്ടാകുകയായിരുന്നു. ഇതോടെ നടുക്കടലില്‍ വച്ച് കപ്പല്‍ പ്രവര്‍ത്തന രഹിതമാകുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ സ്ഥലത്തേക്ക് യാത്ര തിരിച്ചു. കപ്പലില്‍ ക്രൂഡ് ഓയില്‍ ഉണ്ടായിരുന്നതാണ് ഏറെ വെല്ലുവിളിയായത്. തീപിടിത്തത്തിന് പിന്നാലെ ഉടന്‍ തന്നെ തീ അണക്കാന്‍ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ഡ്രോണ്‍ ആക്രമണങ്ങളും കടല്‍ക്കൊള്ളയും അടക്കം പ്രതിരോധിക്കാനായി നാല് ഡിസ്ട്രോയറുകളെ വിന്യസിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ നാവിക സേന മേധാവി ആര്‍. ഹരികുമാര്‍ പറഞ്ഞു. പി-8ഐ വിമാനങ്ങള്‍, ഡോര്‍ണിയേഴ്സ്, സീ ഗാര്‍ഡിയന്‍സ്, ഹെലികോപ്റ്ററുകള്‍, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ എന്നിവയാണ് ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമങ്ങളെ ചെറുക്കാനായി വിന്യസിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞു.