ന്യൂഡല്‍ഹി: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയിലെ റഷ്യന്‍ എംബസി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടുള്ള പദ്ധതികളെ കുറിച്ചും ചര്‍ച്ച നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ബഹിരാകാശം, ആണവ മേഖലകളിലെ സഹകരണം, ലോജിസ്റ്റിക്സ്, ബാങ്കിങ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് സംയുക്തമായി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കും. ആഗോള വിഷയങ്ങളെക്കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച നടത്തും. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍, ജി20, യുഎന്‍ തുടങ്ങിയവയ്ക്കുള്ളിലെ ആശയ വിനിമയം, അടുത്ത വര്‍ഷം റഷ്യയുടെ ബ്രിക്‌സ് അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടത്തുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാര-സാമ്പത്തിക സഹകരണവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ പുരോഗമിച്ചതെന്ന് റഷ്യന്‍ എംബസി അറിയിച്ചു. ഈ മാസം 29 വരെ ജയശങ്കര്‍ റഷ്യയില്‍ തുടരും. രാജ്യത്തെ ഇന്ത്യന്‍ സമൂഹവുമായും അദേഹം കഴിഞ്ഞ ദിവസങ്ങളില്‍ സംവദിച്ചിരുന്നു.