ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ ഭീകരര്‍ ചൈനീസ് നിര്‍മിത ആയുധങ്ങളും ആശയ വിനിമയ ഉപകരണങ്ങളും ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍.
ചൈനീസ് നിര്‍മിത ആയുധങ്ങള്‍, ബോഡി സ്യൂട്ട് ക്യാമറകള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഭീകരര്‍ സൈന്യത്തെ ആക്രമിക്കുന്നുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്.
അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ഭീകരര്‍ ഇവ ഉപയോഗിച്ചിരുന്നതായും സുരക്ഷാസേന കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ സൈന്യത്തിന് ഡ്രോണുകളും ഹാന്‍ഡ് ഗ്രനേഡുകളും മറ്റ് ആയുധങ്ങളും ചൈന വിതരണം ചെയ്യുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ വര്‍ഷം നടന്ന മൂന്ന് ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഭീകരര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ചൈനീസ് നിര്‍മിത ബോഡി ക്യാമറകളില്‍ നിന്ന് എടുത്തതും എഡിറ്റ് ചെയ്യുകയും മോര്‍ഫ് ചെയ്യുകയും ചെയ്തതുമാണെന്നാണ് കണ്ടെത്തല്‍. ആശയ വിനിമയത്തിനായി ഭീകരര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ചൈനീസ് നിര്‍മിതമാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. മറ്റ് ഭാഗങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോള്‍ അവിടേക്ക് സൈനികരെ വിന്യസിക്കാന്‍ ലഡാക്കില്‍ സേനാ വിന്യാസം കുറയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് ചൈന.
അതിനിടെ ജമ്മു കാശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. പൂഞ്ചിലും രജൗരിയിലും ഭീകരര്‍ക്കെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണിത്. ജമ്മു കാശ്മീരിന് പുറത്തു നിന്നും ആവശ്യമെങ്കില്‍ സൈന്യത്തെ എത്തിക്കും.
ചൈന അതിര്‍ത്തിയിലെ സേനാ വിന്യാസത്തെ ബാധിക്കാതെയാകുമിത്. വ്യാഴാഴ്ച സൈനിക വാഹനങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രജൗരിയിലും പൂഞ്ചിലും സേനാ വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.