ന്യൂഡല്‍ഹി: നിരോധിത ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയിദിനെ കൈമാറാണമെന്ന് ഇന്ത്യ. സയിദിനെ കൈമാറുന്നതിനുള്ള നിയമ നടപടികള്‍ ആരംഭിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരനാണ് ഹാഫിസ് മുഹമ്മദ് സയിദ്. മുംബൈ ഭീകരാക്രമണത്തിന്റെ വിചാരണ നേരിടാന്‍ സയിദിനെ കൈമാറണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റം സംബന്ധിച്ച ഉടമ്പടി ഇല്ലാത്തതും ഭീകരരെ സംരക്ഷിക്കുന്ന പാക് നയവും നടപടി സങ്കീര്‍ണമാക്കുകയായിരുന്നു.
2024 ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹാഫിസ് സയിദ് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പാകിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് മത്സരത്തിനിറങ്ങുന്നത്. ഇയാളുടെ മകന്‍ തല്‍ഹ സയിദും മത്സരംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷം തല്‍ഹ സയിദിനെ യുഎപിഎ പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയിദ് നിരവധി തീവ്രവാദ ധനസഹായ കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 മുതല്‍ ജയിലില്‍ കഴിയുകയാണെന്ന് പറയപ്പെടുന്നു. എന്നാല്‍ 2017 ല്‍ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ച ശേഷം ഇയാള്‍ സ്വതന്ത്രനായി വിലസുകയാണെന്നും സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്.