നാഗ്പൂർ: ബിജെപിയിൽ ജനാധിപത്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാന മന്ത്രിക്ക് ചോദ്യങ്ങൾ ഇഷ്ടമല്ലെന്നും മറ്റാരെയും കേൾക്കാൻ മോഡി തയ്യാറാകില്ലെന്നും നാഗ്പൂരിൽ കോൺഗ്രസിന്റെ സ്ഥാപക ദിന റാലിയിൽ സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു.
പ്രത്യയ ശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. എൻഡിഎ - ഇന്ത്യ സഖ്യങ്ങളിൽ നിരവധി പാർട്ടികളുണ്ട്. എന്നാൽ യുദ്ധം രണ്ട് ആശയങ്ങൾ തമ്മിലുള്ളതാണ്. ബിജെപിയിൽ ഇപ്പോഴും ജനാധിപത്യമില്ല എന്നു വേണം പറയാൻ. പ്രധാന മന്ത്രി ആരെയും കേൾക്കാൻ തയ്യാറാകുന്നില്ല എന്നാൽ അടുത്ത് വരുന്നവരെ കേൾക്കാൻ താൻ എപ്പോഴും തയ്യാറാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംപിമാരുടെ ഹൃദയം ഇപ്പോഴും കോൺഗ്രസിനൊപ്പമാണ്. മടുത്തു പോയെന്ന് ഒരു ബിജെപി എംപി തന്നോട് പറഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ ഒരു സാധാരണ പ്രവർത്തകന് പോലും പാർട്ടിയുടെ ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനും വിയോജിക്കാനും കഴിയും എന്നാൽ ബിജെപിയിൽ അത് സാധ്യമല്ലെന്നും രാഹുൽ പറഞ്ഞു
സ്വാതന്ത്ര്യ സമരം ബ്രിട്ടീഷൂകാർക്കെതിരെ മാത്രമായിരുന്നില്ല അവരുമായി കൈകോർത്തിരുന്ന രാജാക്കൻമാർക്കും മഹാരാജാക്കൻമാർക്കും എതിരായിരുന്നു. ആർഎസ്എസ് പ്രത്യയശാസ്ത്രം ഇന്ത്യയെ സ്വാതന്ത്ര്യലബ്ദിക്ക് മുമ്പുള്ള കാലത്തേക്ക് നയിക്കും. വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യതകൾ നോക്കിയല്ല, ഒരു പ്രത്യേക സംഘടനയോടുള്ള താൽപര്യം നോക്കിയാണ്.
കോൺഗ്രസ് ജനങ്ങളെ ശാക്തീകരിച്ചു. കോൺഗ്രസിന്റെ കാഴ്ചപ്പാടിന്റെ ബലത്തിലുള്ള ധവള വിപ്ലവം വഴി സ്ത്രീകളെയും ഹരിത വിപ്ലവം വഴി കർഷകരെയും ഐടി വിപ്ലവം വഴി യുവജനങ്ങളെയും ശാക്തീകരിച്ചു. രണ്ടോ മൂന്നോ കോടീശ്വരൻമാർക്ക് മാത്രമാണ് ബിജെപി വഴി ഗുണമുണ്ടായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.