ഛണ്ഡീഗഡ്: ഇന്ത്യയിലേക്ക് കടന്ന ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി അതിര്‍ത്തി സുരക്ഷാ സേന. പാക് അതിര്‍ത്തിയായ പഞ്ചാബിലെ ടാര്‍ന്‍ തരണ്‍ ഗ്രാമത്തിലെത്തിയ ഡ്രോണാണ് അതിര്‍ത്തി സുരക്ഷാ സേന വെടിവച്ച് വീഴ്ത്തിയത്. 523 ഗ്രാം നിരോധിത മയക്കുമരുന്ന് ഡ്രോണില്‍ നിന്ന് സുരക്ഷാ സേന കണ്ടെടുത്തു.
ശനിയാഴ്ച രാത്രി 11.30ഓടെയാണ് ഡ്രോണ്‍ സുരക്ഷാസേന കണ്ടെത്തിയത്. പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരും ബിഎസ്എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. തരണ്‍ ഗ്രാമത്തിലെ മാരി കാംബോക്കെ എന്ന സ്ഥലത്തെ കൃഷിയിടത്തിലാണ് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയത്.
ഈ മാസം പാകിസ്ഥാനില്‍ നിന്ന് പഞ്ചാബ് അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്ത് വ്യാപകമായിരുന്നു. ശൈത്യകാലമായതിനാല്‍ രാത്രിയാണ് ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്ത് നടത്തുന്നത്.