രോഗിയുടെയോ കുടുംബത്തിന്റെയോ അനുവാദമില്ലാതെ ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല: പുതിയ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം

രോഗിയുടെയോ കുടുംബത്തിന്റെയോ അനുവാദമില്ലാതെ ഐസിയുവില്‍  പ്രവേശിപ്പിക്കാന്‍ പാടില്ല: പുതിയ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

പുതിയ നിബന്ധന പ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. രോഗി സ്വയം താല്‍പര്യക്കുറവ് പ്രകടിപ്പിച്ചാലും ആശുപത്രികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കരുതെന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

കൂടുതല്‍ ചികിത്സ സാധ്യമാകാത്ത സാഹചര്യം, ജീവന്‍ രക്ഷിക്കാനാവാത്ത അവസ്ഥ, ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ല എന്നുറപ്പുള്ള സാഹചര്യം എന്നിങ്ങനെയുള്ളപ്പോള്‍ രോഗിയെ ഐസിയുവില്‍ കിടത്തുന്നത് നിരര്‍ത്ഥകമാണെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 24 വിദഗ്ധര്‍ ചേര്‍ന്നാണ് മാര്‍ഗ നിര്‍ദേശത്തിന് രൂപം നല്‍കിയത്.

അവയവങ്ങള്‍ ഗുരുതരമായി തകരാറിലാകുക, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നില്‍ കാണുക എന്നിവയെ അടിസ്ഥാനമാക്കിയാകണം ഐസിയു പ്രവേശനത്തിന്റെ മാനദണ്ഡം.

രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം, വെന്റിലേര്‍ ആവശ്യമായ സാഹചര്യം, തീവ്രമായ നിരീക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവ ഐസിയു പ്രവേശനത്തിന്റെ മാനദണ്ഡങ്ങളായി പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.

ഐസിയുവില്‍ നിന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യനില സാധാരണ അവസ്ഥയിലേക്ക് മടങ്ങിയെത്തുക, ഐസിയു പ്രവേശനത്തിന് കാരണമായ രോഗം നിയന്ത്രണത്തിലാകുക, പാലിയറ്റീവ് കെയര്‍ നിര്‍ദ്ദേശിക്കപ്പെടുക എന്നീ സാഹചര്യങ്ങളിലും രോഗിയോ കുടുംബമോ ആവശ്യപ്പെട്ടാലും രോഗിയെ ഐസി.ുവില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.