ന്യൂഡല്‍ഹി: രാജ്യം തലയ്ക്ക് പത്ത് ലക്ഷം രൂപ വിലയിട്ട ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ ഏറെനാളുകളായി അന്വേഷിച്ചുകൊണ്ടിരുന്ന കൊടും ഭീകരന്‍ ജാവേദ് അഹ്മദ് മട്ടൂവാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലും കേന്ദ്ര ഏജന്‍സികളും ചേര്‍ന്നാണ് ജാവേദ് മട്ടൂവിനെ അറസ്റ്റ് ചെയ്തത്.
ജമ്മു കാശ്മീരിലെ നിരവധി ആക്രമണങ്ങളില്‍ പങ്കാളിയാണ്. ഇയാളില്‍ നിന്ന് തോക്കും മാഗസീനും മോഷ്ടിച്ച വാഹനവും പിടിച്ചെടുത്തു. രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ തേടിക്കൊണ്ടിരിക്കുന്ന പത്ത് ഭീകരരില്‍ ഒരാളാണ് മട്ടു. ജമ്മു കാശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുള്ള മട്ടുവിന്റെ അറസ്റ്റ് നിര്‍ണായകമാകുമെന്നാണ് സൂചന.
പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമ്മിഷണര്‍ എച്ച്.ജി.എസ് ധലിവാല്‍ പറഞ്ഞു. ജമ്മു കാശ്മീര്‍ സ്വദേശിയായ ഇയാള്‍ നാല് ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ വധിച്ച കേസും ഇയാള്‍ക്കെതിരെയുണ്ട്.
എ പ്ലസ് പ്ലസ് കാറ്റഗറി തീവ്രവാദിയായ ഇയാളേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി തവണ പാക്കിസ്ഥാനില്‍ പോയി ആയുധ പരിശീലനം നേടിയ ആളാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ സ്വയം പ്രഖ്യാപിത കമ്മാന്ററായിരുന്നു. കാശ്മീര്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.
അതേസമയം കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ജാവേദിന്റെ സഹോദരന്‍ റയീസ് മട്ടൂ ജമ്മു കാശ്മീരിലെ സോപോറില്‍ ഇന്ത്യന്‍ ദേശീയ പതാക വീശുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. തന്റെ സഹോദരന്‍ തിരഞ്ഞെടുത്തത് തെറ്റായ പാതയാണെന്നും തങ്ങള്‍ ഇന്ത്യാക്കാരയതില്‍ അഭിമാനിക്കുന്നു എന്നുമായിരുന്നു റയീസ് മട്ടു അന്ന് പ്രതികരിച്ചത്. സഹോദരന്‍ 2009 മുതല്‍ ഭീകര പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും എന്നാല്‍ അവനെക്കുറിച്ച് കുടുംബത്തിന് ഒന്നും അറിയില്ലെന്നുമാണ് റയീസ് പറയുന്നത്.