മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിമാരെ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിമാരെ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിമാരെ നീക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കായുള്ള നിയമനത്തിന് കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഒരു മന്ത്രിസഭയില്‍ നിന്നും ഏതെങ്കിലും ഒരു മന്ത്രിയെ നീക്കാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവിടാനാകില്ല. അതിന് മുഖ്യമന്ത്രിയുടെ ശുപാര്‍ശയോ, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമോ മാത്രമേ സാധിക്കൂ. ഏകപക്ഷീയമായി ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്നും സുപ്രീം കോടതി വിലയിരുത്തി.

സെന്തില്‍ ബാലാജിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നേരത്തെ നിയമനക്കോഴക്കേസില്‍ സെന്തില്‍ ബാലാജി അറസ്റ്റിലായതിന് പിന്നാലെ അദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മന്ത്രിയെ നീക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് അഭിപ്രായപ്പെട്ട് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. നേരത്തെ സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ മന്ത്രിയെ പുറത്താക്കി ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇതു വിവാദമായതോടെ പിന്നീട് പിന്‍വലിക്കുകയായിരുന്നു. അതേസമയം ഇഡി അറസ്റ്റ് ചെയ്ത ശേഷവും മുഖ്യമന്ത്രി സ്റ്റാലിന്‍ സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി മന്ത്രിസഭയില്‍ നിലനിര്‍ത്തുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.