ബംഗളൂരു: കാശ്മീര്‍ വിഷയം 1948ല്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം അടിസ്ഥാനപരമായ പിഴവായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് വഴി ദുര്‍ബലമായ ആ തീരുമാനത്തെ ഇന്ത്യ തിരുത്തിയെന്നും അദേഹം പറഞ്ഞു. അന്നത്തെ കാലത്ത് യു.എന്‍ രക്ഷാസമിതിയെ നിഷ്പക്ഷ മധ്യസ്ഥനായാണ് ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ കൃത്യമായ അജണ്ടയുള്ള കുറേ രാജ്യങ്ങള്‍ ഇന്ത്യയുടെ ദൗര്‍ബല്യമായാണ് ഈ പ്രശ്നത്തെ ഉയര്‍ത്തിക്കാട്ടിയതെന്നും അദേഹം പറഞ്ഞു.
ബംഗളൂരുവില്‍ പി.ഇ.എസ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. യു.എന്‍ സുരക്ഷാ കൗണ്‍സിലിലേക്ക് കാശ്മീര്‍ വിഷയത്തെ എത്തിച്ചത് വെറും വിഡ്ഢിത്തം മാത്രമായിരുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞു. അടിസ്ഥാനപരമായ പിഴവാണ് അന്ന് സംഭവിച്ചത്. സുരക്ഷാ കൗണ്‍സിലിലുള്ളവര്‍ നിഷ്പക്ഷരായിരിക്കുമെന്നത് ഇന്ത്യയുടെ തെറ്റിദ്ധാരണ മാത്രമായിരുന്നു. പാകിസ്ഥാനോട് വിധേയത്വം പുലര്‍ത്തിയിരുന്ന രാജ്യങ്ങളാണ് അന്ന് അവിടെ ഉണ്ടായിരുന്നത്.
ആര്‍ട്ടിക്കിള്‍ 370 ഇന്ത്യയില്‍ മാത്രമല്ല നമ്മുടെ വിദേശനയങ്ങളില്‍ ഉള്‍പ്പെടെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരുന്നു. ആ തീരുമാനം തിരുത്താന്‍ ഇന്ത്യയ്ക്ക് പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടതായി വന്നു. കാശ്മീര്‍ ഇന്ത്യയുടെ ദുര്‍ബലമായ വിഷയമെന്ന തരത്തിലാണ് പലരും ഉയര്‍ത്തിക്കാട്ടിയത്. ഇപ്പോഴും അതേ രീതി ഉപയോഗിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.