ഭോപ്പാല്‍: മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ മിഷനറി സ്‌കൂള്‍ ആക്രമിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍. മധ്യപ്രദേശിലെ ബേതുലില്‍ ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്.
പ്രാര്‍ഥനയ്ക്കിടെ ഒരു സംഘം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്.
ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ ഞായറാഴ്ചകളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നാണ് ബജ്‌റംഗ്ദളിന്റെ ആരോപണം. എന്നാല്‍ ഞായറാഴ്ചകളില്‍ സ്‌കൂള്‍ അവധിയായതിനാല്‍ തങ്ങള്‍ അവിടെ പ്രാര്‍ഥിക്കുക പതിവാന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
2023 സെപ്തംബറില്‍ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗണപതിയെ അനാദരിച്ചെന്ന് ആരോപിച്ച് ഒരു സംഘം ഹിന്ദുത്വ വാദികള്‍ ഇവിടുത്തെ സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂള്‍ ആക്രമിക്കുകയായിരുന്നു.
പ്രിന്‍സിപ്പലിനെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട അക്രമികള്‍, അവരുടെ ക്യാബിനില്‍ കയറി ബഹളം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസ് സഹായം തേടിയതോടെ അക്രമികള്‍ സ്ഥലം വിടുകയായിരുന്നു.