ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പത്ത് ദിവസത്തിനുള്ളില്‍ 5000 ലധികം നിര്‍ദേശങ്ങള്‍; 15 വരെ അഭിപ്രായം അറിയിക്കാം

 ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പത്ത് ദിവസത്തിനുള്ളില്‍ 5000 ലധികം നിര്‍ദേശങ്ങള്‍; 15 വരെ അഭിപ്രായം അറിയിക്കാം

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമിതിക്ക് പൊതുജനങ്ങളില്‍ നിന്നും ലഭിച്ചത് 5000 നിര്‍ദേശങ്ങള്‍. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ജനുവരി അഞ്ചിനാണ് ഒരേസമയം വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 5,000 ഇമെയിലുകള്‍ ലഭിച്ചതായി സമിതി വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി 15 വരെ സമിതി നിര്‍ദേശങ്ങള്‍ സ്വീകരിക്കും.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെപ്പറ്റി പഠിക്കാന്‍ 2023 സെപ്റ്റംബറിലാണ് എട്ടംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് എന്നത് സംബന്ധിച്ച് പഠിക്കുകയാണ് ഉന്നത സമിതിയുടെ ലക്ഷ്യം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, മുതിര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, 15 ാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ സിങ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.