ന്യൂഡല്‍ഹി: ലോക്സഭാംഗത്വം റദാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ വീണ്ടും നോട്ടീസ്. ഈ മാസം 16നകം ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന് മറുപടി നല്‍കാനാണ് നിര്‍ദേശം. രണ്ടാം തവണയാണ് ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് മഹുവയ്ക്ക് നോട്ടീസ് അയക്കുന്നത്.
ആദ്യ നോട്ടീസിനെതിരായ മഹുവയുടെ ഹര്‍ജി ഡല്‍ഹി കോടതി തള്ളിയിരുന്നു. ലോക്സഭാംഗത്വം റദ്ദായി ഒരു മാസം കഴിഞ്ഞിട്ടും മഹുവ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിന് മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചായിരുന്നു നടപടി.
മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കോഴ കൈപ്പറ്റി എന്നായിരുന്നു മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണം.