ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യം. 3.8 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില. കനത്ത മൂടൽ മഞ്ഞിനെതുടർന്ന് കാഴ്ച പരിധി പൂജ്യമായെന്നാണ് വിലയിരുത്തൽ. ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതേ സമയം പഞ്ചാബിലും ഹരിയാനയിലും നാളെ റെഡ് അലർട്ടാണ്. ഞായറാഴ്ച ചില മേഖലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.
ഡൽഹിയിലേക്ക് വരുന്ന 26 ട്രെയിനുകൾ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു. ആറുമണിക്കൂറോളമാണ് ട്രെയിനുകൾ വൈകുന്നത്. ഡൽഹി വിമാനത്താവളത്തിൽ കാഴ്ച പരിധി പൂജ്യമാണെന്ന് അധികൃതർ അറിയിച്ചു. വരും മണിക്കൂറുകളിലും ഇതിന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
വിമാനങ്ങളുടെ സമയത്തിലും മാറ്റമുണ്ടാകും. ഇത് ചൂണ്ടിക്കാട്ടി യാത്രക്കാർക്ക് അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്. വിമാന കമ്പനികളോട് ബന്ധപ്പെടാനാണ് നിർദ്ദേശം.വ്യാഴാഴ്ച 5.8 ഡിഗ്രി സെൽഷ്യസായിരുന്നു ഡൽഹിയിൽ രേഖപ്പെടുത്തിയ താപനില. എറ്റവും ഉയർന്ന താപനില 18.1 ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.