ചെന്നൈ: 2016 ൽ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. എയർഫോഴ്സിന്റെ എഎൻ- 32 വിമാനത്തിന്റെ ഭാഗങ്ങളാണ് സമുദ്രത്തിൽ നിന്നും കണ്ടെത്തിയത്. ചെന്നൈ തീരത്ത് നിന്ന് 310 കിലോ മീറ്റർ അകലെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതി. 2016 ൽ 29 യാത്രക്കാരുമായാണ് വിമാനം ബംഗാൾ ഉൾക്കടലിൽ കാണാതായത്.
കണ്ടെത്തിയ അവശിഷ്‍ടങ്ങൾ സൂഷ്മ പരിശോധനക്ക് വിധേയമാക്കിയെന്നും അത് എഎൻ-32 വിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിക്കുകയും ചെയ്തുവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഈ പ്രദേശത്ത് വേറെ വിമാനമൊന്നും കാണാതായിട്ടില്ലെന്നും ഇത് 2016 ൽ കാണാതായ വിമാനത്തിന്റെ അവശിഷ്ടമാണെന്നും ഉറപ്പിക്കാമെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്.
2016 ജൂലൈ 22നാണ് ഇന്ത്യൻ എയർഫോഴ്സിന്റെ ആന്റണോവ് വിമാനം കാണാതായത്. ചെന്നൈയിലെ താംബരത്തുള്ള എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് യാത്ര തിരിച്ചതായിരുന്നു വിമാനം. എട്ട് മണിക്കാണ് വിമാനം യാത്ര തിരിച്ചത്. എന്നാൽ ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനവുമായുള്ള എല്ലാ ബന്ധവും നഷ്ടമാവുകയും അത് റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. തുടർന്ന് വ്യോമസേന വിമാനത്തിനായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.