ടെഹ്‌റാന്‍: വ്യോമാതിര്‍ത്തി ലംഘിച്ച് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കിയ തിരിച്ചടിയില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ നാല് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാനിലെ സിയസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ക്ക് നേരെ ഇന്ന് രാവിലെയാണ് പാകിസ്ഥാന്‍ വ്യോമാക്രമണങ്ങള്‍ നടത്തിയത്. ഇക്കാര്യം പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
ഇറാനെ 'സഹോദര രാജ്യം' എന്നാണ് പ്രസ്താവനയില്‍ വിശേഷിപ്പിക്കുന്നത്. എല്ലാ ഭീഷണികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള പാകിസ്ഥാന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രകടനമാണ് നടപടിയെന്നും പ്രസ്താവനയില്‍ പറയുന്നു.
പാകിസ്ഥാന്റെ സ്വന്തം സുരക്ഷയും ദേശീയ താല്‍പര്യവും പിന്തുടരുക എന്നത് മാത്രമായിരുന്നു ഇന്നത്തെ സൈനിക നടപടിയുടെ ഏക ലക്ഷ്യം. അത് പരമ പ്രധാനമാണ്. വിട്ടുവീഴ്ച ചെയ്യാനാകില്ല. ഇറാന്റെ പരമാധികാരത്തെ 'പൂര്‍ണമായി മാനിക്കുന്നു'- എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനു പിന്നാലെ ഇറാനിലെ തങ്ങളുടെ അംബാസഡറെ പാകിസ്ഥാന്‍ തിരികെ വിളിച്ചു. നാട്ടിലേക്ക് പോയ ഇറാന്‍ അംബാസര്‍ തിരികെ വരുന്നതും വിലക്കി. പാക് വിദേശ മന്ത്രാലയം ശക്തമായ പ്രതിഷേധം ഇറാനെ അറിയിക്കുകയും ചെയ്തിരുന്നു.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ പാലസ്തീനികളെ അനുകൂലിച്ച് ഇറാന്‍ സിറിയയിലും ഇറാക്കിലും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പാകിസ്ഥാനിലും കടന്നാക്രമിച്ചത്.